കൊളംബോ: ശ്രീലങ്കയിൽ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 92 പേർ മരിച്ചു. നൂറിലേറെ പേരെ കാണാതായി. വെളളപ്പൊക്കത്തെ തുടർന്ന് മൂന്നരലക്ഷം ജനങ്ങൾ പലായനം ചെയ്യുകയും, നിരവധിപേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തു. ദുരന്തബാധിതർക്ക് അടിയന്തര സഹായമെത്തിക്കാൻ റെഡ്ക്രോസ് നിർദ്ദേശം നൽകി.
വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യപക നാശനഷ്ടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവിലെ സ്ഥിതി ആശങ്കാ ജനകമാണെന്നും പ്രളയക്കെടുതിയിൽ കഴിയുന്ന പതിനായിരത്തോളം ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കണമെന്നും റെഡ് ക്രോസ് നിർദ്ദേശം നൽകി.
2004ൽ ഉണ്ടായ സുനാമിക്ക് ശേഷം രാജ്യം കാണുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോഴുണ്ടായ വെളളപ്പൊക്കവും മണ്ണിടിച്ചിലും. പ്രളയത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 92 പേർ മരിക്കുകയും ഒന്നരലക്ഷത്തോളം വീടുകൾ തകരുകയും ചെയ്തു. മണ്ണിടിച്ചിലിനെ തുടർന്ന് 100 ലേറെപ്പേരെ കാണാതായി.
പ്രളയ ബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദിവസങ്ങളോളം നിർത്താതെ പെയ്ത മഴയെ തുടർന്നാണ് പ്രളയവും ഉരുൾപൊട്ടലും രാജ്യത്തെ 21 ജില്ലകളെയും സാരമായി ബാധിച്ചതെന്ന് ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.