ടോക്യോ: അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ന് ഹിരോഷിമ സന്ദർശിക്കും. 70 വർഷങ്ങൾക്ക് മുമ്പ് അണുബോംബ് വർഷിച്ചതിന് ശേഷം ആദ്യമായാണ് അധികാരത്തിലുളള ഒരു അമേരിക്കൻ പ്രസിഡന്റ് ഹിരോഷിമ സന്ദർശിക്കുന്നത്. നേരത്തെ, ബോംബ് വർഷിച്ചതിന് മാപ്പ് പറയില്ലെന്ന് ഒബാമ വ്യക്തമാക്കിയിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനിടെ 1945 ആഗസ്റ്റ് 6 നാണ് ജപ്പാനിൽ അമേരിക്ക അണുബോംബ് വർഷിച്ചത്. ഒന്നരലക്ഷത്തോളം പേരുടെ ജീവനെടുത്ത ഹിരോഷിമ ആക്രമണത്തിന് ശേഷം അധികാരത്തിലിരിക്കെ ഒരു അമേരിക്കൻ പ്രസിഡന്റ് ഹിരോഷിമ സന്ദർശിക്കുന്നത് ആദ്യമായാണ്.
ഹിരോഷിമ ആക്രമണത്തിൽ ക്ഷമാപണം നടത്തേണ്ടതില്ലെന്ന് നേരത്തെ ഒബാമ വ്യക്തമാക്കിയിരിക്കുന്നു. ഓരോ കാലഘട്ടത്തിലും ഭരണാധികാരികൾ അന്നത്തെ സാഹചര്യം അനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അതിൽ ദുഃഖം രേഖപ്പെടുത്തേണ്ടതില്ല എന്നും ഒബാമ പറഞ്ഞിരുന്നു. ഇതിന് ശേഷമുള്ള അദ്ദേഹത്തിന്റെ സന്ദർശനം ഏറെ പ്രധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ബരാക്ക് ഒബാമയ്ക്കൊപ്പം സന്ദർശനത്തിൽ പങ്കെടുക്കും.
ഹിരോഷിമയിൽ എത്തുന്ന ഇരുവരും ഹിരോഷിമ ശാന്തി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. ഒബാമയുടെ സന്ദർശനത്തെ ചരിത്രസംഭവമെന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. അഞ്ച് ദിവസത്തെ വിയറ്റ്നാം-ജപ്പാന് സന്ദർശനത്തിന്റെ ഭാഗമായാണ് ഒബാമ ഹിരോഷിമയിൽ എത്തുന്നത്. ഒബാമയുടെ സന്ദർശനത്തോടെ ദശാബ്ദങ്ങളായുളള അമേരിക്ക-ജപ്പാന് ശത്രുതയ്ക്ക് അയവ് വരുമെന്ന് വിലയിരുത്തപ്പെടുന്നു.