ന്യൂഡല്‍ഹി: കേരളത്തിലെ സി.പി.എമ്മിന്റെ ആക്രമണങ്ങളോട് ഒരു സന്ധിയും ഇല്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നിയമ നടപടി സ്വീകരിയ്‌ക്കുന്നു എന്ന കാര്യം പാര്‍ട്ടി സസൂഷ്മം വീക്ഷിയ്‌ക്കുകയാണെന്നും പാര്‍ട്ടി ദേശീയ വക്താവ് ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന ചെറുത്ത് നില്‍പ്പിന് എല്ലാ അര്‍ത്ഥത്തിലും സഹായം ലഭ്യമാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിനെ പോലെ പ്രവര്‍ത്തകരെ ബോധപൂര്‍വ്വം രക്ത സാക്ഷിയാക്കി വളര്‍ന്ന പാര്‍ട്ടിയല്ല ബി.ജെ.പി അതുകൊണ്ട് തന്നെ കേരളത്തിലെ പ്രവര്‍ത്തകരുടെ സുരക്ഷ ബി.ജെ.പിയ്‌ക്ക് മറ്റെന്തിനെക്കാളും പ്രധാനമാണ്. ഈ സാഹചര്യത്തില്‍ സമീപ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങളുമായ് ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ സ്വീകരിയ്‌ക്കുന്ന നടപടികള്‍ സസൂഷ്മം പാര്‍ട്ടി വീക്ഷിയ്‌ക്കുകയാണെന്നും ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.
ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിയ്‌ക്കുന്ന വിധമാണ് കേരളത്തിലെ ആക്രമണങ്ങള്‍. അക്രമിയ്‌ക്ക് എതിരെ നടപടി സ്വീകരിയ്‌ക്കേണ്ട പോലിസ് ആക്രമിയ്‌ക്കപ്പെട്ടവനെ ഭീഷണിപ്പെടുത്തുകയാണ്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ അനിവാര്യമായ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ പാര്‍ട്ടി ഉറപ്പാക്കും എന്നും ശ്രീകാന്തശര്‍മ്മ വ്യക്തമാക്കി.
പാര്‍ട്ടി സംസ്ഥാന ഘടകം നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ഉചിതമായ നടപടി എടുക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന ചെറുത്ത് നില്‍പ്പിന് എല്ലാ അര്‍ത്ഥത്തിലും സഹായം ലഭ്യമാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.