ബെയ്ജിംഗ് : ഭീകര പ്രവർത്തനങ്ങൾക്കെതിരെ ഭാരതവുമായി യോജിച്ചു പ്രവർത്തിക്കുമെന്ന് ചൈന. യു എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിലും ഭീകരതയ്ക്കെതിരെ ഭാരതത്തോട് ചേർന്ന് പ്രവർത്തിക്കുമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട് . രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ചൈനീസ് സന്ദർശനത്തോടനുബന്ധിച്ചാണ് ചൈനയുടെ പ്രസ്താവന വന്നത്.
ജെയ്ഷ് ഇ മൊഹമ്മദ് ഭീകര സംഘടനയുടെ മേധാവി മൗലാന മസൂദ് അസറിനെ ഭീകരപ്പട്ടികയിലുൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന യു എന്നിൽ തടഞ്ഞിരുന്നു . ഇതിലുള്ള ആസങ്ക ഇന്നലെ രാഷ്ട്രപതി ചൈനീസ് പ്രസിഡന്റ് സീ ജിൻ പിംഗിനെ അറിയിച്ചിരുന്നു . ഇത് കൂടി കണക്കിലെടുത്താണ് ചൈനയുടെ നിലപാട് മാറ്റമെന്ന് കരുതപ്പെടുന്നു.
രാഷ്ട്രപതിയുടെ സന്ദർശനത്തെ സഫലവും വിജയകരവുമെന്നാണ് ചൈന വിശേഷിപ്പിച്ചത്. ഭീകരത ഇരു രാജ്യങ്ങളുടേയും പ്രധാന ശത്രുവാണ് . അതുകൊണ്ട് തന്നെ ഭീകര വിരുദ്ധ പ്രവർത്തനത്തിലുള്ള സഹകരണം ശക്തമാക്കുമെന്ന്. ചൈനീസ് വിദേശകാര്യവക്താവ് ഹുവ ചുൻ യിംഗ് അറിയിച്ചു.