ബ്രസീലിയ: സീക്ക വൈറസ് ഭീഷണി തുടരുന്നതിനാൽ റിയോ ഒളിമ്പിക്സ് മാറ്റിവയ്‌ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രമുഖ ആരോഗ്യ വിദഗ്‌ധരും ഗവേഷകരും ലോകാരോഗ്യ സംഘടനയ്‌ക്ക് കത്ത് നൽകി. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മറ്റി.
റിയോയിൽ നിന്ന് ഒളിംപിക്സ് മാറ്റിവയ്‌ക്കുകയോ നീട്ടിവയ്‌ക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖരായ 150 ലേറെ ആരാഗ്യ വിദഗ്ധരും ഗവേഷകരുമാണ് ലോകാരോഗ്യ സംഘടനയ്‌ക്ക് കത്ത് നൽകിയത്.
ബ്രസീലുൾപ്പെടെയുളള ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സീക്കവൈറസ് വൻ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ റിയോയിൽ ഒളിംപിക്സ് നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ശാസ്ത്രഞ്ജരുടെ വിലയിരുത്തൽ. വൈറസ് പരത്തുന്ന കൊതുകുകളെ തുരത്താനുളള നടപടികൾ ബ്രസീലിൽ വിജയിച്ചിരുന്നില്ലെന്നും വിവിധ രാഷ്‌ട്രങ്ങളിൽ നിന്നുമെത്തുന്ന കായിക താരങ്ങൾക്ക് വൈറസ് ഭീഷണി ഉയർത്തുമെന്നും ഇവർ പറയുന്നു.
വർഷങ്ങൾക്ക് മുൻപ് ബ്രസീലിൽ കണ്ടെത്തിയ രോഗം വളരെവേഗമാണ് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. വൈറസിനെതിരെയുളള പ്രതിരോധ നടപടികൾ രാജ്യത്ത് ദുർബ്ബലമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഒളിമ്പിക്സ് വേദി മാറ്റണമെന്ന ആവശ്യം ഉയർന്നത്. ഒളിമ്പിക്സ് പുനക്രമീകരിക്കാൻ ഇന്‍റർനാഷണൽ ഒളിംപിക്സ് കമ്മറ്റിയോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെടണമെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ധൃതിപിടിച്ച് മത്സരങ്ങൾ റിയോയിൽ നിന്ന് മാറ്റേണ്ടതില്ലെന്നാണ് ഒളിംപിക്സ് കമ്മറ്റിയുടെ നിലപാട്.