ഹിരോഷിമ: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ അമേരിക്കൻ പ്രസിഡന്‍റ് ബരാക്ക് ഒബാമ ഹിരോഷിമ സന്ദർശിച്ചു. ആണവായുധ മുക്ത ലോകത്തിനായി ഒന്നിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടു.
ഹിരോഷിമയിലെ സമാധാന സ്മാരകത്തിലേക്ക് ബരാക്ക് ഒബാമ നടന്ന് കയറിയപ്പോൾ അത് ചരിത്ര മുഹൂർത്തമായി. 71 വർഷങ്ങൾക്കിടെ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് ഹിരോഷിമ സന്ദർശിക്കുന്നത്. ആക്രമണത്തിന്‍റെ ഓർമ്മകൾ പേറുന്ന സമാധാന സ്മാരകത്തിൽ ഒബാമ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് അണുബോംബ് സ്ഫോടനത്തിലെ ജീവിക്കുന്ന ഇരകളുമായി ഒബാമ സമയം ചെലവഴിച്ചു.
1945 ആഗസ്റ്‍റ് 6 ലോകം ഒരിക്കലും മറക്കില്ലെന്ന് ഒബാമ പറഞ്ഞു. ആണവായുധമുക്ത ലോകത്തിനായി രാജ്യങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എന്നാൽ അണുബോംബ് ആക്രമണത്തെ തളളിപ്പറയാൻ ഒബാമ തയ്യാറായില്ല. ജപ്പാൻ പ്രധാനമന്ത്രി ഷിൻസേ അബേയും ഒപ്പം ഉണ്ടായിരുന്നു. ഒബാമയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ സഹകരണത്തിന്‍റെ പുതിയ അദ്ധ്യായം തുറന്നുവെന്ന് അബേ പറഞ്ഞു
നൂറു കണക്കിന് പേരാണ് ഒബാമയുടെ ഹിരോഷിമ സന്ദർശനം വീക്ഷിക്കാൻ എത്തിയത്.