വാഷിംഗ്‌ടൺ: ഇന്ത്യയുടെ എൻ.എസ്.ജി പ്രവേശനവും ആയുധോപയോഗവും തമ്മിൽ ബന്ധമില്ലെന്ന് പാക്കിസ്ഥാനോട് യു.എസ്. ഇക്കാര്യം പാക്കിസ്ഥാന് മനസിലാകുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് വിദേശകാര്യ ഡപ്യൂട്ടി വക്താവ് മാർക്ക് ടോണർ പറഞ്ഞു
വാർത്താസമ്മേളനത്തിലാണ് മാർക്ക് ടോണർ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. ആണവോർജ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് ഇന്ത്യയുടെ പ്രവേശനവും ആയുധോപയോഗവും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കിയ ടോണർ ആണവോർജത്തിന്‍റെ കിടമത്സരമല്ല സമാധാനപരമായ ഉപയോഗമാണ് എൻ.എസ്.ജിയുടെ പരിഗണനയെന്നും ചൂണ്ടിക്കാട്ടി.
ആണവോർജ്ജ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യം ഇന്ത്യാ സന്ദർശന വേളയിൽ അമേരിക്കൻ പ്രസിഡന്‍റ് ബരാക്ക് ഒബാമ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ടോണർ പറഞ്ഞു.
എന്നാൽ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് എൻ.എസ്.ജി രാജ്യങ്ങളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അമേരിക്ക ഇന്ത്യയെ പിന്തുണയ്‌ക്കുമെന്നും യു.എസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് പറഞ്ഞു. നേരത്തെ എൻ.എസ്.ജിയിലെ ഇന്ത്യയുടെ അംഗത്വത്തെ എതിർത്ത പാക്കിസ്ഥാന് അമേരിക്കയുടെ നിലപാട് തിരിച്ചടിയായിരിക്കുകയാണ്