കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വഞ്ചനാപരമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന് എം എല്‍ എ യുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ ഇന്നത്തെ നിലപാടു മാറ്റം ഇതു സംബന്ധിച്ച സുപ്രീം കോടതി കേസുകളെയും പ്രതികൂലമായി ബാധിക്കും. അധികാരത്തിലേറി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മുന്‍ നിലപാട് മാറ്റിയത് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനത്തിന്റെ ലംഘനമാണെന്ന് വി.ഡി സതീശന് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുല്ലപ്പെരിയാര്‍ വിഷയത്തിലെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് വിഡി സതീശന് ഫേസ് ബുക്ക് പോസ്റ്റിലൂടെ ഉന്നയിക്കുന്നത്. പിണറായി വിജയന്റെ പുതിയ നിലപാട് വഞ്ചനാപരമാണെന്ന് സതീശന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലെ നിലപാടുമാറ്റം കേരളത്തിന്റെ താത്പര്യങ്ങളെ ബലികഴിക്കും. ഒപ്പം ഇതുസംബന്ധിച്ച സുപ്രീം കോടതി കേസുകളെ ഈ നിലപാട് പ്രതികൂലമായി ബാധിക്കുന്നതാണെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി. ഏകപക്ഷീയമായ മുഖ്യമന്ത്രിയുടെ പ്രസ്താവന തമിഴ്നാട് സുപ്രീം കോടതിയില്‍ ആയുധമാക്കുമെന്നും ഇത് കൊടിയ വഞ്ചനയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പ്രകടന പത്രികയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിലപാടുമാറ്റം തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതുസംബന്ധിച്ച് കേരളം ഭരണപരമായും നിയമപരമായും സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളിലും ഇടതുപക്ഷത്തിന്റെ അഭിപ്രായം പുതിയ അണക്കെട്ട് എന്നുതന്നെയായിരുന്നു.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംയുക്തമായി സമര്‍പ്പിച്ച നിവേദനത്തിലും പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. ഈ നിവേദനത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അംഗമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തിലോ സര്‍ക്കാര്‍ അഭിഭാഷകര്‍ ആയോ ചര്‍ച്ച നടത്തിയതായി അറിയില്ലെന്നും വി ഡി സതീശന് വ്യക്തമാക്കി.