ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കൊല്ലപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പമ്പയാറ്റില്‍ ഇടക്കടവ് ഭാഗത്ത് നിന്ന് കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി ജോയി വി ജോണിനെ മകന് ഷെറിന് വി ജോണ്‍ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ച് ചാക്കിലാക്കി പുഴയില്‍ ഒഴുക്കിയതായാണ് ഷെറിന്റെ മൊഴി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഷെറിനെ നാളെ രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന.
കാരണവര്‍ വധക്കേസില്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ ഷെറിനുശേഷം പിതാവിനെ കൊലപ്പെടുത്തി കൊണ്ട് മറ്റൊരു ഷെറിനും ചെങ്ങന്നൂരിനെ ഞെട്ടിച്ചിരിക്കുകയാണ്. വിദേശമലയാളിയായ ജോയി വി ജോണിനെ കൊലപ്പെടുത്തിയത് മകന് ഷെറിനാണെന്നും കൊലപാതകം മുന്‍കൂട്ടി നിശ്ചയ്യതായിരുന്നെന്നും പൊലിസ് സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെ പമ്പയാറ്റില്‍ ഇടക്കടവ് ഭാഗത്ത് നിന്ന് കണ്ടെത്തി.
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് ജോയിയെ കൊലപ്പെടുത്തിയതെന്നാണ് ഷെറിന്റെ മൊഴി. എന്നാല്‍ എവിടെ വെച്ചാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം മറവുചെയ്യാന്‍ ആരുടെ എങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും വ്യക്തമായിട്ടില്ല. വ്യാഴാഴ്ച ജോയിയുടെ ഭാര്യ മറിയാമ്മ, ജോയിയേയും ഷെറിനേയും കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡില്‍ ജോയിയുടെ പേരിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് കൊലപാതകം നടന്നതായുള്ള സൂചന ലഭിച്ചത്.
ഗോഡൗണില്‍ കണ്ടെത്തിയ രക്തക്കറകളും മൃതദേഹം കരിഞ്ഞതിന്റെ ഗന്ധവുമാണ് കൊലപാതകം നടന്നെന്ന സംശയം ബലപ്പെടുത്തിയത്. പിന്നീട് ഷെറിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഷെറിനെ കോട്ടയത്തുനിന്ന് പിടികൂടുകയായിരുന്നു. മൃതദേഹം പെട്രോള്‍ ഒഴിച്ചുകത്തിച്ച ശേഷം ചാക്കിലാക്കി ചെങ്ങന്നൂര്‍ ആറാട്ടുപുഴയില്‍ പമ്പയാറ്റില്‍ ഒഴുക്കിയെന്ന ഷെറിന്റെ മൊഴി അടിസ്ഥാനമാക്കി നടത്തിയ തെരച്ചിലിലാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.
തിങ്കളാഴ്ച്ച രാവിലെ ഷെറിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.