കോഴിക്കോട്: മലയാളികളില്ലാത്ത മലയാളം മീഡിയം സ്കൂള്‍ ആകുകയാണ് കോഴിക്കോട് നഗരത്തിലെ ബൈരായ്കുളം ഗവ.എല്‍പി സ്കൂള്‍. ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളാണ് സ്കൂളിലെ പഠിതാക്കള്‍.
പാഠം ഒന്ന് ഒരു വീട്. അധ്യാപകന് പറയുമ്പോള്‍ ഒന്നും മനസിലാവാതെ പരസ്പരം നോക്കുന്ന കുട്ടികളോട് അധ്യാപകന് ആവര്‍ത്തിക്കും. യേഹ് ഘര്ഹെ. മലയാളികള്‍ അകന്നുപോയ ബൈരായ്കുളത്തെ ഈ സര്‍ക്കാര്‍ സ്കൂളില്‍ ഇന്നുപഠിക്കുന്നത് നഗരത്തില്‍ തൊഴില്‍ തേടിയെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. ഹിന്ദിയും ബംഗാളിയുമാണ് അവരുടെ മാതൃഭാഷ. പ്രശസ്ത എഴുത്തുകാരന് എന്‍.പി.മുഹമ്മദ് ഉള്‍പ്പെടെ പ്രമുഖര്‍ പഠിച്ച സ്കൂളിനാണ് ഈ ഗതി.
നഗരം വികസിച്ചതോടെ പ്രദേശത്തെ വീടുകള്‍ അപ്രത്യക്ഷമാകുകയും വ്യാപാരസ്ഥാപനങ്ങള്‍ ആ സ്ഥാനം കൈയ്യടക്കുകയും ചെയ്തതോടെ സ്കൂള്‍ നഗരമധ്യത്തില്‍ ഒറ്റപ്പെട്ടു. ഇംഗ്ലീഷ് മീഡിയം തേടിപ്പോയ മലയാളികളും സ്കൂളിനെ കൈവിട്ടു. നാല് ഡിവിനുകളിലായി ഇന്നുള്ളത് 16 കുട്ടികള്‍. പുതുതായി എത്തിയ ആറുപേരും ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍. പഠനകാലം കഴിയുമ്പോഴേക്കും ഇവര്‍ മലയാളം ഉള്‍പ്പെടെ ഭാഷയിലും ഇതരവിഷയങ്ങളിലും മിടുക്കരായി പ്രശസ്ത സ്കൂളുകളില്‍ പ്രവേശനം നേടുന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി മലയാളി വിദ്യാര്‍ഥികളെയും ആകര്‍ഷിക്കാന്‍ തയ്യാറെടുക്കുകയാണ് സ്കൂള്‍ അധികൃതര്‍.