മങ്കടയിലെ നസീർ വധം രാഷ്ട്രീയ കൊലപാതകമെന്ന ആരോപണവുമായി ഐടി അറ്റ് സ്കൂൾ പദ്ധതി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അൻവർ സാദത്ത് രംഗത്ത്. മങ്കട പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലീഗ് പരാജയപ്പെട്ടപ്പോൾ മുതൽ നസീർ നോട്ടപ്പുള്ളിയാണെന്ന സൂചന ലഭിച്ചിരുന്നുവെന്നും അൻവർ സാദത്ത് ഫേസ്ബുക്കിൽ കുറിച്ചു.
സദാചാരക്കൊല വാർത്തകൾ കാണുന്പോൾ എങ്ങനെ, എന്ത് എഴുതണം എന്ന് തനിക്കറിയില്ല, വിശദമായി എഴുതാനുള്ള മാനസികവസ്ഥയുമില്ല, കൊല്ലപ്പെട്ട നസീർ തന്റെ സഹോദരനാണ്. ഉപ്പയുടെ ജേഷ്ടന്റെ മകൻ…തന്റെ അതേ പ്രായം…ഇങ്ങനെ വിശദീകരിച്ചാണ് അൻവർ സാദത്ത് നസീർ വധം സംബന്ധിച്ച തന്റെ സംശയം ഫേസ്ബുക്കിലൂടെ തുറന്ന് പറയുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന നസീർ മഞ്ഞളാം കുഴി അലി എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ മുതലാണ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് തുടങ്ങിയതെന്നും ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലീഗ് മങ്കടയിൽ തോറ്റത് മുതൽ നസീർ ലീഗിന്റെ നോട്ടപ്പുള്ളിയാണ്. ഇങ്ങനെ പോയാൽ അവനെ കൊലപ്പെടുത്തുമെന്ന് ലീഗ് അനുഭാവിയായ തന്റെ ബന്ധുവിനോട് പാർട്ടി അണികൾ തുറന്നു പറഞ്ഞിരുന്നതായും അൻവർ സാദത്ത് ഫേസ്ബുക്കിൽ പറയുന്നു. പ്രദേശവാസികളോട് സംസാരിച്ചതിലൂടെ കൃത്യമായി പ്ലാൻ ചെയ്ത രാഷ്ട്രീയ കൊലപാതകമാണ് ഇതെന്ന് തനിക്ക് മനസിലായി. ഇങ്ങനെ ഒരവസരം സൃഷ്ടിച്ചോ, മുതലെടുത്തോ നടത്തിയതാകാമെന്നും അൻവർ സാദത്ത് ഫേസ് ബുക്കിലൂടെ വ്യക്തമാക്കുന്നു.