കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.രാകേഷിന് ജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.സമീറിനെതിരെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാകേഷ് വിജയിച്ചത്. അവിശ്വാസ പ്രമേയ സാധ്യതയെ തുടര്‍ന്ന് ഡെപ്യൂട്ടി മേയറായിരുന്ന സി.സമീര്‍ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
അമ്പത്തിയഞ്ചംഗ കൗണ്‍സിലില്‍ യു.ഡി.എഫും എല്‍.ഡി.എഫും 27 സീറ്റുകള്‍ വീതം നേടി തുല്യതയിലെത്തിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാകേഷിന്റെ വോട്ട് കൗണ്‍സിലില്‍ നിര്‍ണായകമായത്. കോണ്‍ഗ്രസ്സുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പി.കെ.രാകേഷ് മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുകയായിരന്നു.
അതേസമയം ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ രാകേഷ് വോട്ട് ചെയ്യാതെ മാറിനില്‍ക്കുകയും തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യു.ഡി.എഫിന് ലഭിക്കുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വിമതനായി മത്സരിച്ച രാകേഷിനെ കോണ്‍ഗ്രസ് പുറത്താക്കിയതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് രാകേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്തു കൂടെ നിര്‍ത്തുകയായിരുന്നു.
ഡെപ്യൂട്ടി മേയര്‍ക്കെതിരെ കഴിഞ്ഞ 13ാം തീയതി എല്‍.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സി.സമീര്‍ സ്ഥാനം രാജിവച്ചു. തുടര്‍ന്നാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ രാകേഷ് വിജയിച്ചതോടെ കോര്പ്പറേഷന് ഭരണം പൂര്‍ണമായും കൈപ്പിടിയിലൊതുക്കാനുള്ള എല്‍.ഡി.എഫിന്റെ നീക്കമാണ് വിജയിച്ചത്.