കൊച്ചി: ഭഗവദ് ഗീതയിലെ നൂറു ശ്ലോകങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയിലാണ് ആലപ്പുഴ സ്വദേശി അരുണ്രാമന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം.
വിഷാദ രോഗത്തില്‍ അടിമപ്പെട്ട അര്ജ്ജുനന് ഭഗവാന് ശ്രീകൃഷ്ണന് നല്കുന്ന ഉപദേശങ്ങളും ജനനം, മരണം, പുനര്‍ജ്ജന്മം, ആത്മാവ്, മനസ്, ബുദ്ധി ഇങ്ങനെ ഭഗവദ്ഗീതയിലെ ആഴമേറിയ ചിന്തകളാണ് ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ഗീതയിലെ 702 ശ്ലോകങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത നൂറെണ്ണമാണ് ക്യാന്‍വാസില്‍ പകര്‍ത്തിയത്. ആലപ്പുഴ സ്വദേശി അരുണ്‍ രാമനാണ് ചിത്രകാരന്. ഓരോ വ്യക്തിയുടെയും ജീവിതചക്രത്തിലെ ഓരോ കാലഘട്ടത്തിലെയും ചിന്തകളും മാനസിക വ്യവഹാരങ്ങളുമെല്ലാം ശ്ലോകങ്ങളിലൂടെ ചിത്രങ്ങളായി വരച്ചിട്ടുണ്ട്.
കേരളത്തിന് പുറത്ത് പൂനെ, മുംബൈ എന്നിവിടങ്ങളിലും ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ അരുണ്‍ രാമന് ചിത്രകല പഠിച്ചിട്ടില്ലെങ്കിലും ജന്മനാ ലഭിച്ച സിദ്ധിയിലൂടെയാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. ചിന്മയമിഷനിലെ വേദാന്തക്ലാസുകളാണ് ഈ ചിത്രകാരന്റെ പ്രചോദനം. നേരത്തെ രാമായണത്തിലെ ശ്ലോകങ്ങളുടെ ആത്മാംശങ്ങള്‍ ചിത്രങ്ങളാക്കി ക്യാന്‍വാസില്‍ പകര്‍ത്തിയും ശ്രദ്ധേയനായിരുന്നു.