കൊച്ചി: കൊച്ചി മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. മേയര്‍ ആദ്യം സ്വന്തം ജോലി വൃത്തിയായി ചെയ്യണമെന്ന് സുധാകരന് കൊച്ചിയില്‍ പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചാണ് മേയറും മന്ത്രിയും തമ്മില്‍ ഏറ്റുമുട്ടിയത്.
കൊച്ചി നഗരത്തിലെ പൊതുമരാമത്ത് റോഡുകളാണ് ഏറ്റവും മോശമെന്ന മേയര്‍ സൗമിനി ജെയിന്റെ വാക്കുകള്‍ക്ക് മറുപടിയായിരുന്നു സുധാകരന്റെ രൂക്ഷ വിമര്‍ശനം. മേയര്‍ ആദ്യം സ്വന്തം ജോലി വൃത്തിയായി ചെയ്യണമെന്നും കോര്പ്പറേഷന് റോഡുകളാണ് നഗരത്തില്‍ പരിതാപകരമെന്നും സുധാകരന് പറഞ്ഞു.
നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച് ഏറെ ആക്ഷേപം ഉയര്‍ന്നപ്പോഴാണ് മേയര്‍ സൗമിനി ജെയിൻ പൊതുമരാമത്തിനെ പഴി ചാരിയത്. എന്നാല്‍ ഇതു സംബന്ധിച്ച ഒരു കത്തു പോലും മേയര്‍ വകുപ്പിന് കൈമാറിയിട്ടില്ലെന്നും മറുപടിയായി മന്ത്രി പറഞ്ഞു. മന്ത്രിയും മേയറും തമ്മില്‍ തമ്മില്‍ പഴി പറയുമ്പോള്‍ ദുരിതം അനുഭവിക്കുന്നത് ജനങ്ങളും.