ആലപ്പുഴ: ആലപ്പുഴയില്‍ കോസ്റ്റല്‍ പൊലീസിന്റെ ബോട്ട് കത്തിയ സംഭവം വെളിവാക്കുന്നത് അധികൃതരുടെ കടുത്ത അനാസ്ഥ. കേന്ദ്രസര്‍ക്കാര്‍ തുക നല്‍കിയിട്ടും ബോട്ടിന്റെ സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കാന്‍ നടപടി ഉണ്ടായില്ല. ആലപ്പുഴ ജില്ലയില്‍ കോസ്റ്റല്‍ പൊലിസിന്റെ പെട്രോളിംഗ് മുടങ്ങിയിട്ട് ഒരാഴ്ച്ച പിന്നിടുന്നു.
കോസ്റ്റല്‍ പൊലീസിന്റെ രണ്ടരക്കോടിരൂപ വില മതിക്കുന്ന ഇന്റര്‍ സെപ്റ്റര്‍ ബോട്ടാണ് ആലപ്പുഴയില്‍ അധികൃതരുടെ അനാസ്ഥമൂലം കത്തിനശിച്ചത്. കഴിഞ്ഞ ഒമ്പതിന് കായംകുളം കായലിലാണ് ബോട്ട് അപകടത്തില്‍ പെട്ടത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് പൊലീസുകാര്‍ കായലില്‍ചാടി രക്ഷപെടുകയായിരുന്നു. ബോട്ടുകളില്‍ സുരക്ഷാ സംവിധാനം ഒരുക്കാതെ പെട്രോളിംഗ് നടത്താനാകില്ലന്ന് ജീവനക്കാര്‍ നിലപാടെടുത്തതോടെ ആലപ്പുഴ തീരത്തെ കോസ്റ്റല്‍ പൊലീസിന്റെ പരിശോധന ഒരാഴ്ച്ചയായി മുടങ്ങിയിരിക്കുകയാണ്.
ഓരോ വര്‍ഷവും ബോട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്‍ തുകയാണ് നല്‍കുന്നത്. ഇത് കാര്യക്ഷമമായി വിനയോഗിക്കാത്തതാണ് അപകടത്തിന് കാരണമായത്.
മുബൈ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2012 ലാണ് രാജ്യസുരക്ഷയുടെ ഭാഗമായി തീരദേശ സംസ്ഥാനങ്ങളില്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചത്. ഓരോ തീരദേശ ജില്ലയിലും മൂന്ന് ബോട്ടുകള്‍ വീതമാണ് ഉള്ളത്. ജില്ലയിലെ മറ്റു രണ്ട് ബോട്ടുകളിലും സുരക്ഷാ സംവിധാനങ്ങള്‍ ഇപ്പോഴും കാര്യക്ഷമമല്ല. മറ്റു സംസ്ഥാനങ്ങള്‍ കോസ്റ്റല്‍ പൊലിസിന്റെ പ്രവര്‍ത്തനം ക്രിയാത്മകമായി വിനയോഗിക്കുമ്പോള്‍ കേരളത്തില്‍ പ്രഹസനമാകുന്നതായി ആക്ഷേപം ഉയരുകയാണ്.