കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കെ.മുരളീധരന് എംഎല്‍എയും വിഡി സതീശനും രംഗത്ത്. നിയമസഭയ്ക്ക് പുറത്ത് സമരം നടത്താനുളള ശേഷിയില്ലാത്ത സംഘടനയായി കോണ്‍ഗ്രസ് മാറിയെന്ന് കെ.മുരളീധരനും മുതിര്‍ന്നനേതാക്കള്‍ തോല്‍വിയുടെ കാരണം അണികളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് വിഡി സതീശനും കോഴിക്കോട് പ്രതികരിച്ചു.
കോഴിക്കോട് നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരു നേതാക്കളും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നിയമസഭയ്ക്ക് പുറത്ത് സമരംനടത്താനുളള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതായും നേതൃത്വത്തിലുള്ളവര്‍ക്ക് സ്വന്തം നിലയെക്കുറിച്ച് മാത്രമാണ് ആശങ്കയെന്നും കെ.മുരളീധരന് എംഎല്‍എ കുറ്റപ്പെടുത്തി.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്മാര്ക്ക് ഔചിത്യ ബോധം എന്നൊന്നില്ല. നിയമസഭാതെരഞ്ഞെടുപ്പിലുണ്ടാകാന് പോകുന്ന തോല്‍വിയെക്കുറിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും വിഡി സതീശന് പ്രതികരിച്ചു. തങ്ങളെല്ലാം ശരിയാണെന്ന് നേതാക്കള്‍ മേനിനടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുന്നണിക്കുളളിലെ പ്രശ്നം പരിഹരിക്കാന്‍ യുഡിഎഫ് എംഎല്‍എമാരുടെ യോഗം വിളിക്കണമെന്ന് കെ.മുരളീധരന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയിലായിരുന്നു ഇരുനേതാക്കളുടെയും പ്രതികരണം.