മ്യൂണിക്ക്: ജർമ്മനിയിലെ മ്യൂണിക്കിലുണ്ടായ ആക്രമണം നടത്തിയത് ഇറാൻ പൗരനായ പതിനെട്ടുകാരനെന്ന് റിപ്പോർട്ടുകൾ. മ്യൂണിക് ഒളിമ്പിക് സ്റ്റേഡിയത്തിനു സമീപമുള്ള ഷോപ്പിംഗ് മാളിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പത്തു പേർ മരിച്ചിരുന്നു. അതേസമയം ആക്രമണം നടത്തിയതിനു ശേഷം ഇയാൾ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായും സംശയിക്കുന്നു. സംഭവസ്ഥലത്തിന് ഒരു കിലോമീറ്റർ അകലെ നിന്നു ലഭിച്ച മൃതദേഹം അക്രമിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അക്രമിസംഘത്തിൽ ഇയാളെക്കൂടാതെ രണ്ടു പേർ കൂടിയുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യമെന്തെന്ന് ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം ഇത് തീവ്രവാദി ആക്രമണമാണോയെന്ന സംശയം ശക്തമാണ്. ആത്മഹത്യ ചെയ്തുവെന്നു സംശയിക്കുന്ന അക്രമി, ഇരട്ട പൗരത്വമുള്ളയാളാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ പേരിൽ ക്രിമിനൽ കേസുകളൊന്നും ഇതു വരെ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ ആക്രമണത്തിനെ അഭിനന്ദിച്ചു കൊണ്ട് ഐ.എസ് ട്വീറ്റ് ചെയ്തിരുന്നു.