തിരുവനന്തപുരം: കാലാവധി തീരും മുൻപ് പൊലീസ് അസോസിയേഷൻ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
രണ്ട് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അസോസിയേഷനെ സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ പേരിൽ പിരിച്ചു വിടുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഭരണസമിതിയുടെ കാലാവധി രണ്ടു വർഷമാണെന്ന് അസോസിയേഷൻ ബൈലോയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം നിയമത്തെ അട്ടിമറിക്കാനാണ്. പൊലീസ് അസോസിയേഷനിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഡിജിപി ഉത്തരവിറക്കുന്നത് കേട്ടുകേഴ്വിയില്ലാത്ത കാര്യമാണ്.
അസോസിയേഷനിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ഡിജിപിയുടെ ഉത്തരവാദിത്തം ആണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. പോലീസ് സ്റ്റേഷനുകളെ കയ്യടക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ നീക്കത്തിന് ഡിജിപി കൂട്ടു നിൽക്കരുത്. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാനനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും കുമ്മനം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.