കൊച്ചി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മകളില്‍ വിക്രം സാരാഭായ് സയന്‍സ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അനുസ്മരണം സംഘടിപ്പിച്ചു. കലാം മരണത്തിനു കീഴടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് അനുസ്മരണയോഗത്തില്‍ സംസാരിച്ച ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായര്‍ പറഞ്ഞു.
കലാമിന്റെ സ്വപ്നങ്ങളുടെയും പ്രഭാഷണങ്ങളുടെയും ഓര്‍മ്മപ്പെടുത്തലായിരുന്നു അനുസ്മരണ ചടങ്ങ്. കലാം ഓര്‍മ്മയായെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങളും അദൃശ്യ സാന്നിധ്യവും ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ അഗ്നിച്ചിറകുകള്‍ എന്ന പേരിലുള്ള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. വിക്രം സാരാഭായ് സയന്‍സ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാംസ്മൃതി അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായ് തമ്പുരാട്ടി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.
പ്രൊഫസര്‍ എം.കെ. സാനു, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്, ഡോ.ഇന്ദിര രാജന്, ആര്.വി.പണ്ഡിറ്റ്, മധു എസ് നായര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.