India

ലോകം അവസാനിച്ചാലും കശ്മീർ ഭാരതത്തിന്റെ ഭാഗമായി തുടരും; സുഷമാ സ്വരാജ്

ന്യൂഡൽഹി: കശ്മീർ സ്വന്തമാക്കാമെന്നത് പാകിസ്ഥാന്റെ ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. ലോകം അവസാനിച്ചാലും കശ്മീർ ഭാരതത്തിന്റെ ഭാഗമായിത്തന്നെ തുടരുമെന്നും സുഷമാസ്വരാജ് പറഞ്ഞു.

കശ്മീരിൽ ഭീകരൻ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിനേത്തുടർന്നുണ്ടായ ആക്രമണങ്ങളിൽ അൻപതോളം പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബുർഹാൻ വാനിയെ രക്തസാക്ഷിയെന്നാണ് പാകിസ്ഥാൻ വിശേഷിപ്പിച്ചത്. ഭീകരനായ വാനിയുടെ വധത്തേത്തുടർന്നുണ്ടായ കലാപങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നിലപാടുകളാണ് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും, മറ്റ് മുതിർന്ന മന്ത്രിമാരും സ്വീകരിച്ചത്. കശ്മീർ വിഘടനവാദിനേതാക്കളുടെ പങ്കും കലാപത്തിൽ വ്യക്തമായിരുന്നു. സൈന്യത്തിനെതിരേ കല്ലേറു നടത്തിയ യുവാക്കൾ, കല്ലെറിയുന്നതിന് തങ്ങൾക്ക് പ്രതിദിനം 500 രൂപ വീതം ഹൂറിയത്ത് നേതാവ് ഗീലാനി നൽകുന്നുണ്ടെന്ന് സമ്മതിച്ചത് വാർത്തയായിരുന്നു.

വിദ്ധ്വംസകശക്തികളുടെ പിന്തുണയോടെ കശ്മീരിൽ കലാപകാരികൾ അഴിച്ചു വിടുന്ന അക്രമങ്ങളെ നേരിടുന്ന സൈനിക നടപടിയെ മനുഷ്യാവകാശധ്വംസനമെന്ന തരത്തിൽ ചിത്രീകരിക്കാനുള്ള ശ്രമവും പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ പ്രസ്താവന പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പ്രഹരമേൽപ്പിക്കുന്നതായിരുന്നു. കഴിഞ്ഞയാഴ്ച, കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീർ കലാപങ്ങളെ പാകിസ്ഥാൻ സ്പോൺസേഡ് കലാപം എന്നു വിശേഷിപ്പിച്ചതും ഈ പശ്ചാത്തലത്തിലാണ്.

കശ്മീർ പൂർണ്ണമായും ഭാരതത്തിന്റേതാണ്. അനധികൃതമായി പാകിസ്ഥാൻ കയ്യടക്കി വച്ചിരിക്കുന്ന ഭാരതത്തിന്റെ ഭാഗങ്ങൾ തിരികെ നൽകാൻ പാകിസ്ഥാൻ തയ്യാറാവണമെന്നും വിദേശകാര്യമന്ത്രാലയം അടുത്തിടെയിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായിരുന്ന ബുർഹാൻ വാനി സോഷ്യൽ മീഡിയ അടക്കമുള്ള മാദ്ധ്യമങ്ങളെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തി നിരവധി യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് ആകർഷിച്ചിരുന്നു. കലാപത്തേത്തുടർന്ന് സൈനികരും, പൊലീസുദ്യോഗസ്ഥരുമായി 1700 പേർക്കാണ് പരിക്കേറ്റതെന്ന് സുഷമാ സ്വരാജ് പറഞ്ഞു. പെല്ലറ്റ് ഗൺ പോലെയുള്ള മരണകാരണമാകാത്ത ആയുധങ്ങൾ ഉപയോഗിക്കാൻ സൈന്യം നിർബന്ധിതരാവുകയാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close