ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിരതയുടെ പ്രഭവകേന്ദ്രമാണെന്നും ലോകത്തിന് വേണ്ടത് ഇത്തരം നേതാക്കളേയാണെന്നും ബാർക്ളേയ്സ് ബാങ്ക് സി ഇ ഒ ജെസ് സ്റ്റാലി . ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ നല്ല സാഹചര്യമാണുള്ളതെന്നും ലോക സാമ്പത്തിക രംഗം പ്രക്ഷുബ്ധതയിൽ നിലനിൽക്കുമ്പോഴും ഇന്ത്യയ്ക്ക് ശാന്തമായി നിൽക്കാൻ കഴിയുന്നതിനു പിന്നിൽ മോദിയുടെ നേതൃത്വമാണെന്നും സ്റ്റാലി പറഞ്ഞു . ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സ്റ്റാലിയുടെ പരാമർശം.
ഭാരതത്തേയും അതുവഴി ലോകത്തേയും സ്വാധീനിക്കാൻ നരേന്ദ്രമോദി പ്രഭാവത്തിന് കഴിഞ്ഞെന്ന് സ്റ്റാലി ചൂണ്ടിക്കാട്ടി . ബ്രെക്സിറ്റോടെ യൂരോപ്യൻ സാമ്പത്തിക രംഗം പ്രതിസന്ധിയിലാണ് . ഷെയർ മാർക്കറ്റുകൾ തകരുന്നുണ്ട് . ഈ സ്ഥിതിയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യക്ക് കഴിയുന്നത് നരേന്ദ്രമോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ മൂലമാണ് . അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ സാമ്പത്തിക വീക്ഷണം പ്രതീക്ഷയുണർത്തുന്നതാണെന്ന് വ്യക്തമാക്കിയ സ്റ്റാലി നിയമങ്ങൾ ലഘൂകരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പുകഴ്ത്താനും മറന്നില്ല . ഇന്ത്യയിലെ ബാർക്ളേയ്സിന്റെ ബിസിനസ് കൂടുതൽ അഭിവൃദ്ധിപ്പെടുമെന്ന് തനിക്കുറപ്പുണ്ടെന്നും സ്റ്റാലി വ്യക്തമാക്കി.
മോദി സർക്കാർ അധികാരമേറ്റ ശേഷം സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങളെ വൻ കിട കമ്പനികൾ പ്രശംസിച്ചിരുന്നു. സിസ്കോ , മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുടെ മേധാവികൾ സർക്കാരിന്റെ പരിഷ്കരണ നടപടികൾ ഫലപ്രദമാണെന്ന് വ്യക്തമാക്കിയിരുന്നു . ഈ നിലപാടിനെ പിന്തുണയ്ക്കുകയാണ് ബ്രിട്ടനിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ബാർക്ളേയ്സിന്റെ സി ഇ ഒ യും . മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങൾ ആഗോളരംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിമറിക്കുന്നതിന്റെ ലക്ഷണമാണിതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണം.