തിരുവനന്തപുരം : അക്രമത്തിന് നടത്താൻ ആഹ്വാനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ .കേസെടുത്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും .ക്രമസമാധാനം തകർന്നെന്ന കോടിയേരിയുടെ പ്രസ്താവന പിണറായിക്കുള്ള കുറ്റപത്രമാണെന്നും കുമ്മനം പറഞ്ഞു.
അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗംപാടത്തെ പണിക്ക് വരമ്പത്ത് കൂലി കിട്ടും എന്ന് ഭീഷണി മുഴക്കിയ കോടിയേരി പാർട്ടി അണികൾക്ക് കായിക പരിശീലനം നൽകണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തലപ്പത്തിരുന്നു കൊണ്ട് നിയമം കയ്യിലെടുക്കാനുള്ള കോടിയേരിയുടെ ആഹ്വാനം വിവാദമായതോടെയാണ് ശക്തമായ പ്രതിഷേധവുമായി കുമ്മനം രാജശേഖരൻ രംഗത്തെത്തിയത് . ക്രമസമാധാന പാലനത്തിന് നിയമവും പോലീസും ഉണ്ടെന്നിരിക്കെ ഭരിക്കുന്ന പാർട്ടി അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് അനുചിതമാണെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.
ജൂലൈ 11 നാണ് സിപിഎം പ്രവർത്തകനായ ധനരാജ് കൊല്ലപ്പെട്ടത് . മണിക്കൂറുകൾക്കുള്ളിൽ ബിഎം എസ് പ്രവർത്തകനായ രാമചന്ദ്രനേയും വെട്ടിക്കൊലപ്പെടുത്തി . ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ കൊലവിളി ഉണ്ടായത് . ഭരിക്കുന്ന കക്ഷിയുടെ നേതാവ് നേരിട്ടു തന്നെ കൊലവിളി മുഴക്കുമ്പോൾ കണ്ണൂർ വീണ്ടും അശാന്തിയിലേക്ക് പോകുമെന്ന ആശങ്കയിലാണ് സാധാരണ ജനങ്ങൾ.