കൊൽക്കത്ത: പ്രശസ്ത ബംഗാളി സാഹിത്യകാരി മഹാശ്വേതാ ദേവി അന്തരിച്ചു. 90വയസായിരുന്നു. ഇന്ത്യൻ സാഹിത്യത്തിലെ അനശ്വര പ്രതിഭകളിലൊരാളാണ് വിടവാങ്ങിയത്.
ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ജ്ഞാനപീഠം, മഗ്സസെ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള മഹാശ്വേതാദേവിയെ 2006ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. നോവലുകളും ചെറുകഥാസമാഹാരങ്ങളുമായി ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട്.
എഴുത്തിലൂടെയും സമരങ്ങളിലൂടെയും സമൂഹത്തിൽ പിന്നാക്കം നിന്നിരുന്നവർക്ക് വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു ഈ ബംഗ്ലാ സാഹിത്യ ഇതിഹാസം. കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങളിലും അവർ നിരന്തരം ഇടപെട്ടിരുന്നു. ഹസാർ ചൗരാസിർ മാ, ആരണ്യ അധികാർ, രുദാലി തുടങ്ങിയവയാണ് പ്രധാന കൃതികൾ.