ന്യൂഡൽഹി : ഗോ സംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നത് ആരായാലും കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി . എന്ത് കാരണത്തിന്റെ പേരിലായാലും നിയമം കയ്യിലെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയത്.
മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടുള്ള സർക്കുലറാണ് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ളത്. മഹാത്മജി പശു സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടതും എടുത്തു പറഞ്ഞിട്ടുണ്ട് . പശുവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണെന്നും അതിനനുസരിച്ച് പശുവിനെ കൊല്ലൽ പല സംസ്ഥാനങ്ങളിലും നിയമവിരുദ്ധമാണെന്നും സർക്കുലറിൽ പറയുന്നു . എന്നാൽ അതിന്റെ അർത്ഥം ജനങ്ങൾക്ക് നിയമം കയ്യിലെടുക്കാമെന്നല്ലെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.
ഏതെങ്കിലും വ്യക്തിയോ ഗ്രൂപ്പുകളോ ഇത്തരത്തിൽ നിയമം കയ്യിലെടുത്താൽ കർശന നടപടി സ്വീകരിക്കണമെന്നും യാതൊരു പരിഗണയും നൽകരുതെന്നും കർശന നിർദ്ദേശമുണ്ട് . നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയോ മറ്റ് നിയമപരമായ മാർഗ്ഗങ്ങൾ തേടുകയോ ആണ് വേണ്ടതെന്നും സർക്കുലറിൽ പറയുന്നു.