ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും.
കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരില്‍ സുരക്ഷാസേനയോട് കഴിയുന്നത്ര സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കും രാജ്നാഥ് സിംഗ് മറുപടി പറഞ്ഞു. കശ്മീരില്‍ ഇതിന് മുന്‍പും ഇത്തരം സന്ദര്‍ഭങ്ങളില്‍ വിനാശകരമല്ലാത്ത ആയുധങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നിക്ഷിപ്ത താല്പര്യക്കാരും തെറ്റായ വഴിക്ക് നീങ്ങുന്ന ചില കേന്ദ്രങ്ങളുമാണ് കശ്മീരില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കല്ലേറുകളില്‍ കേടുപാട് സംഭവിച്ചത് നൂറോളം ആംബുലന്‍സുകള്‍ക്കാണ്. എന്നിട്ടും സര്‍ക്കാര്‍ 400 ഓളം ആംബുലന്‍സുകളുടെ സേവനം സംഘര്‍ഷബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. പ്രതികൂല സാഹചര്യത്തിലും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷങ്ങളില്‍ ഇതുവരെ 4515 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും 3356 സാധാരണ പൗരന്മാര്ക്കും പരിക്കേറ്റതായി മന്ത്രി അറിയിച്ചു. കശ്മീരിലെ സംഭവങ്ങള്‍ പാകിസ്ഥാന് സ്പോണ്‍സേഡ് പരിപാടിയാണെന്ന് പറയുന്നതില്‍ തനിക്ക് ഒരു മടിയും ഇല്ല. പാകിസ്ഥാനുമായി എന്തെങ്കിലും ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് കശ്മീരിനെക്കുറിച്ചായിരിക്കില്ല മറിച്ച് പാക് അധീന കശ്മീരിനെക്കുറിച്ച് ആയിരിക്കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.