ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റ് രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ആദ്യ യൂണിറ്റ് കമ്മീഷന് ചെയ്തത്. ഇന്ത്യയും റഷ്യയും തമ്മിലുളള ബന്ധത്തിലെ മറ്റൊരു പ്രധാനഘട്ടമാണ് ഇതോടെ പിന്നിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
നിലയം യാഥാര്‍ഥ്യമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഏറെക്കാലമായി സമരങ്ങളും മറ്റ് എതിര്‍പ്പുകളും നേരിട്ടെങ്കിലും പൂര്‍ണമായ ജനപിന്തുണയോടെയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം യാഥാര്‍ഥ്യമായതെന്ന് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.
ഒന്നാം യൂണിറ്റിന്റെ പ്രവര്‍ത്തനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ വൈദ്യുതോല്പാദനം പൂര്ണതോതിലായതോടെയാണ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രാജ്യത്തെ ശുദ്ധമായ ഊര്ജോല്പാദനം ഉയര്‍ത്താനുളള പരിശ്രമത്തില്‍ കൂടംകുളം നിലയം ഏറെ നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടംകുളത്ത് മാത്രം 1000 മെഗാവാട്ടിന്റെ അഞ്ച് യൂണിറ്റുകള്‍ കൂടി സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും റഷ്യയും തമ്മിലുളള സൗഹൃദത്തിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന സുരക്ഷാനിലവാരം പുലര്‍ത്തുന്ന അതിനൂതന റഷ്യന്‍ സാങ്കേതിക വിദ്യയിലൂടെയാണ് നിലയം നിര്‍മിച്ചിരിക്കുന്നതെന്ന് വ്ലാഡിമര്‍ പുടിന് പറഞ്ഞു.