ലക് നോ: യുപിയില്‍ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്നുളള മൂന്നു പേരും ബിഎസ്പിയില് നിന്നുളള രണ്ട് പേരും ഒരു സമാജ് വാദി പാര്‍ട്ടി അംഗവുമാണ് ബിജെപിയില്‍ എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരിപാടിയിലാണ് ഇവര്‍ ഔദ്യോഗികമായി ബിജെപിയില്‍ എത്തിയത്.
ബസ്തിയിലെ റുധൗലിയില് നിന്നും വിജയിച്ച സഞ്ജയ് ജയ്സ്വാള്‍, നാംപരയില് നിന്ന് വിജയിച്ച മാധുരി വര്‍മ, ഖുഷിനഗര്‍ ജില്ലയിലെ ഖദ്ദയില്‍ നിന്നും വിജയിച്ച വിജയ് ദുബെ എന്നിവരാണ് ബിജെപിയിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍. ലഖിംപൂര്‍ ഖേരിയിലെ മൊഹമ്മദി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബാലാ പ്രസാദ് അവാസ്തി, ഗോരഖ്പൂരിലെ ചില്ലുപാറില് നിന്ന് വിജയിച്ച രാജേഷ് ത്രിപാഠി എന്നിവരാണ് ബിഎസ്പിയില് നിന്ന് മാറിയത്.
ബഹാദൂര്‍ സിംഗ് ആണ് സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ എത്തിയത്. കഴിഞ്ഞ ദിവസവും മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ബിഎസ്പിയില് നിന്ന് ബിജെപിയിലേക്ക് എത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിനെയും ബിഎസ്പിയെയും സമാജ്് വാദി പാര്‍ട്ടിയെയും ഒരുപോലെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.