ന്യൂഡല്‍ഹി; ബുലന്ദ്ഷഹര്‍ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ യുപി മന്ത്രി അസം ഖാനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിനിരയായ അമ്മയും മകളും സുപ്രീംകോടതിയെ സമീപിച്ചു. സംഭവത്തില്‍ ആദ്യം നല്കിയ പരാതി ഗൗരവത്തില്‍ എടുക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കണമെന്ന് ഇരുവരും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കോടതി മേല്‍നോട്ടത്തിലുളള അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധം പുകയുന്നതിനിടെയായിരുന്നു അസം ഖാന്റെ വിവാദ പ്രസ്താവന. വിയത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വോട്ടിന് വേണ്ടി ചിലര്‍ ഏതറ്റം വരെയും പോകുമെന്നും കൂട്ടബലാത്സംഗത്തെക്കുറിച്ചുളള വാര്‍ത്തയും ഇത്തരത്തിലുളളതാകാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
സംഭവത്തിന്റെ പേരില്‍ യുപി സര്‍ക്കാര്‍ വ്യാപക വിമര്‍ശനം നേരിടുന്നതിനിടെയാണ് അസം ഖാനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയും അമ്മയും കോടതിയെ സമീപിച്ചത്. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജൂലൈ 29 നായിരുന്നു ദേശീയപാതയില്‍ ഒരു സംഘം കാര്‍ തടഞ്ഞുനിര്‍ത്തി അമ്മയെയും മകളെയും ബലാത്സംഗം ചെയ്തത്.