ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് പതാകകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും നല്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ സ്വാതന്ത്ര്യദിനാഘോഷം ലക്ഷ്യമിട്ടാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കടലാസില്‍ നിര്‍മിക്കുന്ന പതാകകള്‍ക്ക് പകരം പ്ലാസ്റ്റിക് പതാകകള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചുവരികയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് മണ്ണില്‍ ലയിച്ചുചേരാത്തതിനാല്‍ പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുമെന്നും അതിനാല്‍ പ്ലാസ്റ്റിക് പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഫ്ലാഗ് കോഡും 1971 ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഹോണര്‍ ആക്ടും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ദേശീയപതാകയെ അപമാനിക്കുന്ന വകുപ്പുകളാണ് ഈ നിയമങ്ങളില്‍ ഉളളത്. ഇതേക്കുറിച്ച് അവബോധം ഉണ്ടാക്കണമെന്നും വ്യാപകപ്രചാരണം കൊടുക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.