കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് പാകിസ്ഥാന് സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ചതിനെതിരെ നവമാദ്ധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നു. ഈ മാസം ഒന്‍പതു മുതല്‍ 14വരെ ജ്വല്ലറി പാകിസ്ഥാന് സ്വതന്ത്ര്യദിന ക്വിസ് സംഘടിപ്പിക്കുന്നതായി വന്ന പരസ്യമാണ് വിവാദമായത്. സൈറ്റ് ഹാക്ക് ചെയ്ത് ആരെങ്കിലും പണിപറ്റിച്ചതാവുമെന്നു കരുതി ജ്വല്ലറിയില്‍ വിളിച്ച് നിജസ്ഥിതി ആരാഞ്ഞപ്പോഴാണ് സംഭവം സത്യമാണെന്ന് ബോദ്ധ്യമായത്. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങള്‍ വിവാദം ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രമായത് ഒരേ ദിവസമായിട്ടും പാകിസ്ഥാന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് പരിപാടി സംഘടിപ്പിച്ചതാണ് വിവാദമായത്. ഇന്ത്യയെ തഴഞ്ഞ് പാകിസ്ഥാന്റെ സ്വാതന്ത്ര്യം കൊണ്ടാടുന്നതിനെതിരായാണ് പ്രതിഷേധം ശക്തമായത്. നവമാധ്യമങ്ങള്‍ വിവാദം ഏറ്റെടുത്തതോടെ ട്രോളുകളും കമന്റുകളും വ്യാപകമായി പ്രചരിക്കുകയാണ്.
പാകിസ്ഥാനു ചൂട്ടുപിടിക്കുന്ന ജ്വല്ലറി ബഹിഷ്കരിക്കണമെന്ന ആഹ്വാനം ഉള്‍പ്പെടെ നവമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാണ്. കൂടാതെ ജ്വല്ലറിയില്‍ വിളിച്ച് ഉപഭോക്താവിന് കിട്ടിയ മറുപടിയും വോയ്സ് ക്ലിപ്പായി പ്രചരിക്കുന്നുണ്ട്.
സംഭവം വിവാദമായതോടെ സൈറ്റില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും കമ്പനി പരസ്യം പിന്‍വലിച്ചു. അതേസമയം പരസ്യത്തില്‍ ഖേദം പ്രകടിപ്പിച്ച് കമ്പനിയും രംഗത്തെത്തി. ദുബായിലെ പാകിസ്ഥാന് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ദുബായ് ആസ്ഥാനമായ പരസ്യ ഏജന്‍സി നിര്‍ദ്ദേശിച്ചതാണ് ക്വി്സ് മത്സരമെന്നും ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഹനുമാന് സേനയുടെ നേതൃത്വത്തില്‍ ജ്വല്ലറിക്കുമുന്നില്‍ പ്രകടനവും പൊതുയോഗവും നടത്തി.