ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും സംഘര്‍ഷം. ബുദ്ഗാമം ജില്ലയില്‍ സുരക്ഷാസേനയ്ക്ക് നേരെ അക്രമം നടത്തുന്നതിനിടെയാണ് നാല് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടത്.
സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ സിആര്‍പിഎഫ് സംഘത്തിന് നേരെയും പൊലീസ് കണ്ട്രോള് റൂമിന് നേരെയും ആക്രമണം നടത്തുകയായിരുന്നു. ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ കല്ലുകളും മറ്റുമായി സുരക്ഷാസേനയ്ക്ക് നേരെ അക്രമം തുടര്‍ന്നതോടെ ഇവരെ പിരിച്ചുവിടാന്‍ സേന പ്രത്യാക്രമണം നടത്തുകയായിരുന്നു. പ്രതിഷേധക്കാരില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഘര്‍ഷം പടരുന്നത് തടയാന്‍ സ്ഥലത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. കശ്മീരിലെ സംഘര്‍ഷങ്ങളില്‍ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കിയിരിക്കുന്നത്. ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധമെന്ന പേരില്‍ ഒരു വിഭാഗം സുരക്ഷാസേനയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്.
സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന കശ്മീരിനെ വീണ്ടും സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടാനുളള ആസൂത്രിത ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമാണ്. അക്രമങ്ങളില്‍ ഇതുവരെ 64 പേരാണ് കൊല്ലപ്പെട്ടത്.