ന്യൂഡല്‍ഹി: മലയാളിയും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഢിന്റെ ചീഫ് അഡ്മിനിസ്ട്രേറ്ററായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ലഫ്. ഗവര്‍ണര്‍ പദവിയിലാണ് നിയമനം. 40 വര്‍ഷമായി പഞ്ചാബ് ഗവര്‍ണ്ണറാണ് ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്നത്. പ്രദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ഇപ്പോള്‍ കണ്ണന്താനത്തെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമാണെങ്കിലും ഇരുസംസ്ഥാന ങ്ങളുടെയും നിയന്ത്രണത്തില്‍ അല്ലാത്ത കേന്ദ്രഭരണപ്രദേശമാണ് ചണ്ഡിഗഢ്. മുഖ്യമന്ത്രിയുടെയും ലഫ്. ഗവര്‍ണറുടെയും അധികാരങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുളള പദവിയാണെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നുളള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു. തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പളളിയിലെ ഇടത് എംഎല്‍എ ആയിരുന്നു. പിന്നീട് നിതിന്‍ ഗഡ്ക്കരി ദേശീയ അദ്ധ്യക്ഷനായിരിക്കെയാണ് അദ്ദേഹം ബിജെപിയില്‍ എത്തിയത്.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രിയായിരുന്ന നജ്മ ഹെപ്തുളളയെ മണിപ്പൂര്‍ ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് നജ്മ ഹെപ്തുളള കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചത്. മേഘാലയ ഗവര്‍ണറായിരുന്ന വി. ഷമുഖനാഥനായിരുന്നു മണിപ്പൂര്‍ ഗവര്‍ണറുടെ അധികച്ചുമതല വഹിച്ചുവന്നത്. പഞ്ചാബ് ഗവര്‍ണറായി വിപി സിംഗ് ബദ്നോറിനെയും അസം ഗവര്‍ണറായി മുന്‍ എംപി കൂടിയായ ബന്‍വാരി ലാല്‍ പുരോഹിതിനെയും നിയമിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്. ഗവര്‍ണറായി പ്രഫ. ജഗദീഷ് മുഖിയെയും നിയമിച്ചിട്ടുണ്ട്.