കണ്ണൂര്‍: ആഗസ്ത് 24ന് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ച ശോഭായാത്രകള്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചല്ലെന്നും ചട്ടമ്പി സ്വാമി ജയന്തിയുടെ ഭാഗമാണെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. കഴിഞ്ഞവര്‍ഷം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പരീക്ഷിച്ച ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായതിനെ തുടര്‍ന്നാണ് ഇത്തരമൊരു വിശദീകരണവുമായി ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.
ആഗസ്ത് 24ന് കഴിഞ്ഞവര്‍ഷത്തേതുപോലെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ നടത്താന്‍ നേരത്തെ തന്നെ സി.പി.എം നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ജില്ലയില്‍ പരീക്ഷിച്ച ശോഭായാത്രകളും അതിലെ വിവാദ നിശ്ചലദൃശ്യങ്ങളും പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനവിധേയമായതിനെ തുടര്‍ന്നാണ് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചല്ല ശോഭായാത്രകള്‍ നടത്തുന്നതെന്ന വിശദീകരണം.
ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ചട്ടമ്പിസ്വാമി ജയന്തിയായ ആഗസ്ത് 24 മുതല്‍ 28 വരെ ജാതിമത-വര്‍ഗീയ വിരുദ്ധ ക്യാമ്പയിന് ആണ് സംഘടിപ്പിക്കുന്നതെന്ന് ജയരാജന് അറിയിച്ചു.
അതേസമയം, ചട്ടമ്പിസ്വാമികളുടെ ആശയങ്ങളും ദര്‍ശനങ്ങളും മനസ്സിലാക്കാതെയാണ് അദ്ദേഹത്തിന്റെ ജയന്തി ആഘോഷിക്കാന്‍ പാര്‍ട്ടി പുറപ്പെട്ടതെന്ന വിമര്‍ശനം കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരുടെയും ചിന്തകരുടെയും ഭാഗത്തു നിന്നുയര്‍ന്നുവന്നിട്ടുണ്ട്.
ക്രിസ്തുമത ഛേദനം, അദൈ്വതചിന്താ പദ്ധതി തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ച ചട്ടമ്പിസ്വാമികളെ കുറിച്ച് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നിലപാടുകള്‍ പോലും വിലയിരുത്താതെയാണ് ഇത്തരമൊരു ഉദ്യമത്തിന് പാര്‍ട്ടി നേതൃത്വം ഇറങ്ങിത്തിരിച്ചതെന്ന ആരോപണവും ഉയരുന്നു.