ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംബന്ധിച്ച് വിജലന്‍സ് അന്വേഷണം ആരംഭിച്ചതായി വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഹരിപ്പാട് മെഡിക്കല്‍ കോളേജിനൊപ്പം തന്നെ മറ്റു മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനവും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഴിമതിയുടെ തലതൊട്ടപ്പന്മാര് അഴിമതികൃഷിയായി മെഡിക്കല്‍ കോളേജ് പദ്ധതിയെ കാണുന്നോയെന്ന് പരിശോധിക്കുമെന്നും ജേക്കബ് തോമസ്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഹരിപ്പാട് തുടങ്ങാനുദ്ദേശിച്ച മെഡിക്കല്‍ കോളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ തന്നെ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. മെഡിക്കല്‍ കോളെജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിലും ഭൂമി വാങ്ങിയതിലും ഡയറക്ടര്‍ബോര്‍ഡ് രൂപീകരിച്ചതിലുമെല്ലാം ക്രമക്കേടുകള്‍ ഉണ്ടെന്ന് കാട്ടി നിരവധി പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ത്വരിതപരിശോധന ആരംഭിച്ചത്.
ഹരിപ്പാട് മെഡിക്കല്‍ കോളേജിനൊപ്പം വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ മറ്റു മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനവും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വ്യക്തമാക്കി. അഴിമതി കൃഷിയായി മെഡിക്കല്‍കോളേജ് പദ്ധതിയെ അഴിമതിയുടെ തലതൊട്ടപ്പന്മാര് കാണുകയാണോയെന്ന പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും മെഡിക്കല്‍ കോളേജിന്റെ സമസ്ത മേഖലയിലെ പ്രവര്‍ത്തനങ്ങളിലും അഴിമതി ആരോപണം നിലനില്‍ക്കുന്നതായും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.
ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട അന്വേഷണം വിജലന്‍സിന്റെ ആലപ്പുഴ യൂണിറ്റാണ് നടത്തുന്നത്.