ബെംഗലൂരു: ഉഡുപ്പിയില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ കച്ചവട തര്‍ക്കമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. സംഭവത്തില്‍ വര്‍ഗീയത ഉണ്ടെന്ന് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ഉഡുപ്പിയില്‍ പ്രവീണ്‍ പൂജാരിയെന്ന യുവാവിനെ ഒരു സംഘം ആക്രമിച്ചുകൊലപ്പെടുത്തിയത്.
പ്രാഥമിക അന്വേഷണം പൂര്‍ത്തിയായ ശേഷമേ എന്താണ് കാരണമെന്ന് വ്യക്തമാകുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് 18 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കച്ചവടവുമായി ബന്ധപ്പെട്ട് വാഹനത്തില്‍ പശുക്കളുമായി പോകുന്നതിനിടെയാണ് പ്രവീണ്‍ ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അക്ഷയ് ദേവഡിഗ പരിക്കേറ്റ് ചികിത്സയിലാണ്.
ആയുധങ്ങള്‍ കൊണ്ടുളള ആക്രമണത്തിനൊടുവില്‍ പ്രവീണ്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. പശുവിനെ കടത്തിയതിന്റെ പേരിലാണ് പ്രവീണിനെ ആക്രമിച്ചതെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം.