കൊല്ലം: സംസ്ഥാനത്തെ ബാങ്ക് എടിഎമ്മുകളില്‍ ഗുരുതരമായ സുരക്ഷാ പാളിച്ചയെന്ന് റേഞ്ച് ഐജി മനോജ് എബ്രഹാം. 10 വര്‍ഷം വരെ പഴക്കമുള്ള സാങ്കേതിക സുരക്ഷാ സംവിധാനമാണ് പല എടിഎമ്മുകളിലും ഇപ്പോഴുമുള്ളത്. അടുത്തിടെ നടന്ന എടിഎം കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എടിഎമ്മുകളും പോലീസ് നിരീക്ഷണത്തിലാക്കുമെന്നും മനോജ് എബ്രഹാം കൂട്ടിച്ചേര്‍ത്തു.
താരതമ്യേന ചെറിയ നഗരങ്ങളിലെ എടിഎമ്മുകളില്‍ പത്ത് വര്‍ഷം വരെ പഴക്കമുള്ള സാങ്കേതിക സുരക്ഷാ സംവിധാനങ്ങളാണ് ഇപ്പോഴുമുള്ളത്. ഇത് തകര്‍ക്കുക എന്നത് സാങ്കേതിക പരിജ്ഞാനമുള്ള മോഷ്ടാക്കളെ സംബന്ധിച്ച് നിസ്സാരമാണ്. എടിഎം മിഷ്യനുകള്‍ സ്ഥാപിച്ചിട്ടുള്ള മുറികള്‍ക്ക് പിറകിലായി പ്രത്യേക റൂമിനുള്ളില്‍ എടിഎം നിയന്ത്രണ സംവിധാനം സ്ഥാപിക്കണമെന്നാണ് ചട്ടം. എന്നാല്‍ കേരളത്തിലെ പല ബാങ്കുകളും ഈ മാനദണ്ഡം പാലിക്കാറില്ല. ഇക്കാര്യത്തില്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടന്നതായി ഐജി പറഞ്ഞു.
ബാങ്കുകള്‍ സ്വന്തം നിലയിലായിരുന്നു എടിഎമ്മുകള്‍ക്ക് ഇതു വരെ സുരക്ഷയൊരുക്കി പോന്നത്. അതിനാല്‍ത്തന്നെ പോലീസിന്റെ പ്രത്യേക നിരീക്ഷണം എങ്ങും ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പല സ്ഥലങ്ങളിലും ഇപ്പോഴും സുരക്ഷാ ജീവനക്കാരില്ലാതെയാണ് എടിഎം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തുണ്ടായ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എടിഎം കൗണ്ടറുകള്‍ കൂടി പോലീസ് നിരീക്ഷണത്തിന് കീഴില്‍ കൊണ്ടു വരുമെന്നും മനോജ് എബ്രഹാം വ്യക്തമാക്കി.
ഇതിനിടെ സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന പോലീസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനം കൊക്കൂണ്‍ 2016 19,20 തീയതികളിലായി കൊല്ലത്ത് നടക്കും.