ദുബായ്: യു.എ.ഇയിലെ എല്ലാ സർക്കാർ സ്വകാര്യ സ്കൂളുകളും വേനൽ അവധിക്കു ശേഷം ഞായറാഴ്ച തുറക്കും. പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ആദ്യ ഒരു മാസം സ്കൂളുകളിൽ ക്ലാസ് സമയം ഒരു മണിക്കൂർ കുറച്ചു കൊണ്ട് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യക്രമത്തിൽ പ്രവര്‍ത്തിക്കുന്ന പൊതു, സ്വകാര്യ സ്കൂളുകള്‍ക്ക് ഉത്തരവ് ബാധകമാകും.
വേനൽ അവധിക്കു ശേഷം രാജ്യത്തെ എല്ലാ സർക്കാർ സ്വകാര്യ സ്കൂളുകളും പുതിയ അദ്ധ്യയന വര്‍ഷത്തെ വരവേറ്റുകൊണ്ടു ഞായറാഴ്ച തുറക്കും. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റ പഠ്യപദ്ധതികൾ പിന്തുടരുന്ന സ്കൂളുകളിൽ പുതിയ അദ്ധ്യയന വർഷമാണ് ആരംഭിക്കുന്നത്. എന്നാൽ കേരള, സി.ബി.എസ്.ഇ സിലബസിലുള്ള ഇന്ത്യൻ സ്കൂളുകളിൽ രണ്ടാം പാദത്തിനാണ് ഞായറാഴ്ച തുടക്കമാകുന്നത്.
അതേസമയം പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ആദ്യ ഒരു മാസം സ്കൂളുകളിൽ, ക്ലാസ് സമയം ഒരു മണിക്കൂർ കുറച്ചു കൊണ്ട് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെയുള്ള വേനല്‍ക്കാല സമയക്രമീകരണവും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായിലും വടക്കന്‍ മേഖലയിലും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യക്രമത്തിൽ പ്രവര്‍ത്തിക്കുന്ന പൊതു, സ്വകാര്യ സ്കൂളുകള്‍ക്കാണ് ഉത്തരവ് ബാധകമാവുക. ഇതു പ്രകാരം ആണ്‍കുട്ടികളുടെ സ്കൂളുകളിൽ സൈക്കിൾ ഒന്ന് വിഭാഗത്തിന്റെ പ്രവൃത്തിസമയം രാവിലെ 7.15ന് തുടങ്ങി ഉച്ചക്ക് 12.50 വരെയും സൈക്കിൾ രണ്ട്, മൂന്ന് വിഭാഗങ്ങളിലെ ക്ലാസ്സുകൾ രാവിലെ 7.15ന് ക്ലാസ് തുടങ്ങി ഉച്ചക്ക് ഒരു മണിക്ക് അവസാനിക്കും.
പെണ്‍കുട്ടികളുടെ സ്കൂളുകളിൽ എല്ലാ വിഭാഗത്തിലും രാവിലെ എട്ട് മണിക്ക് ക്ലാസ് തുടങ്ങി സൈക്കിൾ ഒന്ന് വിഭാഗത്തിന് ഉച്ചക്ക്1.35നും സൈക്കിൾ രണ്ട്, മൂന്ന് വിഭാഗങ്ങൾക്ക് ഉച്ചക്ക് 2.15നും അവസാനിക്കുന്ന രീതിയിലാണ് വേനല്‍ക്കാല സമയക്രമീകരണം മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്.