ഇസ്ലാമാബാദ്: കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കാന്‍ പാകിസ്ഥാന് എംപിമാരുടെ പ്രത്യേക സംഘം രൂപീകരിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആണ് 22 എംപിമാരുടെ സംഘം രൂപീകരിച്ചത്. പാക് അധീന കശ്മീരിലെയും ബലൂചിസ്ഥാനിലെയും മനുഷ്യാവകാശ ധ്വംസനങ്ങളില്‍ പാകിസ്ഥാനെതിരേ കൂടുതല്‍ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ ബദല്‍ നടപടി.
സെപ്തംബറില്‍ യുഎന്‍ സഭയെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് നവാസ് ഷെരീഫിന്റെ നടപടി. കശ്മീര്‍ വിഷയം സംസാരിക്കാനുളള പാകിസ്ഥാന് സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധികളായിട്ടാകും ലോകനേതാക്കളുമായി ഈ എംപിമാര്‍ കൂടിക്കാഴ്ച നടത്തുക. കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന പാകിസ്ഥാന്റെ ദീര്‍ഘകാല ആവശ്യം നിലവിലെ സംഘര്‍ഷങ്ങളുടെ മറവില്‍ ബലപ്പെടുത്തുകയാണ് നവാസ് ഷെരീഫും പാകിസ്ഥാനും ലക്ഷ്യം വെയ്ക്കുന്നത്. പ്രത്യേക പ്രതിനിധി സംഘത്തെ നിയോഗിച്ചത് ഇതിനുളള മുന്നൊരുക്കമാണെന്നന്ന് വിലയിരുത്തപ്പെടുന്നു.
ബലൂചിസ്ഥാനിലും പാക് അധീന കശ്മീരിലും പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പോലും നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് വലിയ പിന്തുണ ലഭിച്ചു. ഈ സാഹചര്യത്തിലാണ് കശ്മീര്‍ വിഷയം ഉയര്‍ത്തി ഇതിനെ പ്രതിരോധിക്കാന്‍ പാകിസ്ഥാന് നീക്കം നടത്തുന്നത്.