തിരുവനന്തപുരം: ഓണത്തിന് കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം വൈകും. ജീവനക്കാര്‍ക്ക് ശമ്പളവും, പെന്‍ഷനും നല്‍കാനുളള നെട്ടോട്ടത്തിലാണ് കെ.എസ്.ആര്.ടിസി മാനേജ്മെന്റ്. ഇതിനിടെ എംഡി ആന്റണി ചാക്കോ അവധിയില്‍ പ്രവേശിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടി.
ആഗസ്റ്റിലെ ശമ്പളം, സെപ്റ്റംബറിലെ പെന്ഷന്, ശമ്പള അഡ്വാന്‍സ്, ഉത്സവബത്ത എന്നിവയ്ക്കാണ് ഉടന്‍ പരിഹാരം കാണേണ്ടത്. ഓണാവധി കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സെപ്റ്റംബറിലെ ശമ്പളവും നല്‍കേണ്ടിവരും.
140 കോടിയോളം രൂപയാണ് ശമ്പളയിനത്തില്‍ മാത്രം കെ എസ് ആര് ടി സിയ്ക്ക് വേണ്ടത്. ഇതിന് പുറമെ 55 കോടിയോളം രൂപ പെന്ഷന് ഇനത്തിലും വേണം. 2400 കോടിയോളം രൂപയുടെ ബാദ്ധ്യതയാണ് കെ എസ് ആര് ടി സിയ്ക്ക് ഇപ്പോള്‍ ഉള്ളത്. അതിനാല്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുക എന്നത് ഏറെ ദുഷ്ക്കരമാണ്.
ശമ്പളം മുടങ്ങിയതിന്റെ പേരില്‍ മുമ്പു പ്രതിഷേധിച്ചവര്‍ ഇപ്പോള്‍ അതേ അവസ്ഥയുണ്ടായിട്ടും നിശ്ശബ്ദതപാലിക്കുകയാണ്. പെന്‍ഷന്‍ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ഇടതു സംഘടനകളെ കുരുക്കിലാക്കി. സ്പെയര്‍പാര്‍ട്ട് ക്ഷാമം, പ്രതിദിന വരുമാനത്തിലെ കുറവ്, ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കല്‍, സാമ്പത്തിക പ്രതിസന്ധി ഇവയിലൊന്നും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതു സംഘടനകള്‍.
യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച നേതൃത്വം തുടരുന്നതിനാല്‍ ഐ.എന്‍.ടി.യു.സി. യൂണിയനും നേതൃത്വത്തിനെതിരെ നിലപാടു കടുപ്പിച്ചിട്ടില്ല.