കൊല്ലം: കൊല്ലത്ത് ബാറുമായുള്ള ദൂരപരിധി പരിഹരിക്കാന്‍ എല്‍പി സ്കൂളിന്റെ മതിലും വാതിലും തകര്‍ത്തു. 100 വര്‍ഷത്തിലേറെ പഴക്കമുള്ള കുന്നിക്കോട് എല്‍പിഎസ്സിന്റെ ശതാബ്ദി ഗെയ്റ്റും മതിലുമാണ് ഇടിച്ചു തകര്‍ത്തത്. സ്കൂളില്‍ പൂന്തോട്ട നിര്‍മാണത്തിനെന്ന പേരിലാണ് വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ കൂടി അനുമതിയോടെയുള്ള നശീകരണം.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള എല്‍പി സ്കൂളും കുന്നിക്കോട്ടെ ഒരു സ്വകാര്യ ബാറും തമ്മില്‍ 75 മീറ്റര്‍ മാത്രമാണ് ദൂരമുള്ളത്. നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മദ്യശാലകള്‍ക്ക് 100 മീറ്ററെങ്കിലും ദൂരപരിധി വേണം. പുതിയ സര്‍ക്കാര്‍ മദ്യനയം പുനഃപരിശോധിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കെ ദൂരപരിധി തിരിച്ചടിയാകുമെന്ന് കണ്ടാണ് രാത്രിയുടെ മറവില്‍ സ്കൂളിന്റെ മതിലും, ഗെയ്റ്റും തകര്‍ത്തതെന്നാണ് ആരോപണം.
സ്കൂള്‍ ശദാബ്ധിയാഘോഷങ്ങളുടെ ഭാഗമായി വിളക്കുടി ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ശദാബ്ധി സ്മാരക ഗേറ്റാണ് തകര്‍ക്കപ്പെട്ടത്. കുന്നിക്കോട് എല്‍പിഎസ് ഉള്‍പ്പെടുന്ന വിളക്കുടി പഞ്ചായത്ത് ഭരിക്കുന്ന സിപിഎം ഭരണ സമിതിയുടെ അനുമതിയില്ലാതെ ഇത്തരമൊരു പ്രവൃത്തി അരങ്ങേറില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
അതേസമയം കരുനാഗപ്പള്ളി ആസ്ഥാനമായ ഒരു സന്നദ്ധ സംഘടനയുടെ ആവശ്യ പ്രകാരം സ്കൂളിനുള്ളില്‍ പൂന്തോട്ട നിര്‍മാണത്തിന് മാത്രമാണ് അനുമതി നല്‍കിയതെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ പക്ഷം. പഞ്ചായത്ത് കമ്മിറ്റി കൂടിയാണ് ഈ തീരുമാനമെടുത്തതെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പൂന്തോട്ട നിര്‍മാണത്തെപ്പറ്റി തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നും മതില് പൊളിച്ച സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പ്രതികരിച്ചു.