ജമ്നാനഗർ: ഗുജറാത്തിലെ ജമ്നാനഗർ ജില്ലയിൽ സൗരാഷ്ട്ര നർമ്മദ അവതരൺ ഫോർ ഇറിഗേഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഗുജറാത്തിലെ സനോസര ഗ്രാമത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 12,000 കോടി രൂപയുടെ പദ്ധതിയാണിത്.
ഈ പദ്ധതി പ്രകാരം, രാജ്കോട്ട്, ജമ്നാനഗർ, മോർബി തുടങ്ങിയ റിസർവോയറുകൾ കൂടാതെ പത്തോളം ഡാമുകൾ നർമ്മദാ നദിയിലെ ജലമുപയോഗിച്ച് നിറയ്ക്കുവാൻ സാധിയ്ക്കും. സൗരാഷ്ട്രമേഖലയിലെ 115 ഡാമുകളെ ഉൾപ്പെടുത്തിയുള്ള വൻ ജലസേചനപദ്ധതി പ്രധാനമന്ത്രിയുടെ വികസനസ്വപ്നമാണ്. കൃഷിയാവശ്യത്തിനും, കുടിവെള്ളത്തിനും ആവശ്യമായ പദ്ധതിയാണിത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ 2012ൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. പദ്ധതി ഉദ്ഘാടനത്തിനു ശേഷം, പ്രധാനമന്ത്രി സനോസരയിലെ ജനങ്ങളെ അഭിസംബോധന ചെയ്യും. നാലു ഘട്ടങ്ങളായുള്ള പദ്ധതി 2019ഓടെ പൂർത്തീകരിക്കാനാകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. ഈ പദ്ധതി നാലു ലക്ഷം ഹെക്ടർ സ്ഥലത്തേയ്ക്കുള്ള ജലസേചനത്തിന് ഉതകുമെന്നും, ഈ മേഖലയിലെ കുടിവെള്ളക്ഷാമമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കുപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.