കൊല്ലം: അധ്യാപക നിയമനത്തില്‍ നിലവിലെ പിഎസ് സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചും ഉദ്യോഗാര്‍ത്ഥികളെ വഴിയാധാരമാക്കിയും സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. എയ്ഡഡ് സകൂള്‍ അധ്യാപകരെ സര്‍ക്കാര്‍ സ്കൂളുകളില്‍ പുനര്‍ വിന്യസിക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമാണ് തിരിച്ചടിയായിരിക്കുന്നത്. പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ
സര്‍ക്കാര്‍ സ്കൂളുകളില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് അധ്യാപക നിയമനം ഉണ്ടാകില്ല.
അധ്യാപക പാക്കേജില്‍ ഉള്‍പ്പെട്ട എയ്ഡഡ് സ്കൂള്‍ അധ്യാപകരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം 3852 അധ്യാപകരെയും ജീവനക്കാരെയുമാണ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് പുനര്‍വിന്യസിക്കുക. ഇത്രയും അധ്യാപകരെ നിയമിക്കുന്നതിലൂടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍, വരുന്ന അഞ്ച് വര്‍ഷത്തേക്ക് പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്നുറപ്പാണ്. ഇതിലൂടെ നിലവില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടംനേടിയിരിക്കുന്നവരുടേയും വര്‍ഷാ വര്‍ഷം യോഗ്യതാ കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടേയും ഭാവിയാകും അനിശ്ചിതത്വത്തിലാകുക.
അധ്യാപക പാക്കേജിലുള്ളവരെ ഏതൊക്കെ രീതിയില്‍ പുനര്‍വിന്യസിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പുനര്‍വിന്യാസത്തിന് ഒരു ജില്ലയില്‍ സംരക്ഷിത അധ്യാപകന് ലഭ്യമല്ലെങ്കില്‍ ഇതര ജില്ലകളിലെ അധ്യാപക പട്ടികയില്‍നിന്നും നിയമിക്കണമെന്നും ഉത്തരവു പറയുന്നു. 2011 വരെ ജോലിയില്‍ പ്രവേശിച്ചിട്ടുള്ള അധ്യാപകരെയാണ് ആദ്യ ഘട്ടത്തില്‍ പുനര്‍ വിന്യസിക്കുക. ഉത്തരവിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കെഇആര്‍ ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താനാണ് നീക്കം