ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ താമസിക്കുന്ന മേഖല ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് ശ്രമം. സൈന്യവുമായി മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ആക്രമണത്തിനെത്തിയ നാല് ഭീകരരും സ്വയം പൊട്ടിത്തെറിച്ച് ജീവനൊടുക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരവാദസംഘടനയായ ജമാഅത്ത് ഉള് അഹ്രാര്‍ ഏറ്റെടുത്തു.
പുലര്‍ച്ചെ ആറ് മണിയോടെയാണ് നാല് തീവ്രവാദികള്‍ ആക്രമണം നടത്താനായി ക്രിസ്ത്യന്‍ വിഭാഗം കൂടുതലായി താമസിക്കുന്ന പെഷവാറിന്റെ പ്രാന്തപ്രദേശത്തുള്ള ജനവാസകേന്ദ്രത്തില്‍ കടന്നുകയറിയത്. സുരക്ഷാസേനയുടെ കണ്ണില്‍പെട്ടതോടെ ഇവര്‍ സമീപത്തെ വീടുകളില്‍ ഒളിച്ചു. തുടര്‍ന്ന് കൂടുതല്‍ സൈനികര്‍ എത്തിയതോടെയാണ് തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.
സ്ഥലത്തെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടായിരുന്നു ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. രണ്ട് സൈനികര്‍ക്കും ഒരു പൊലീസുകാരനും രണ്ട് സിവിലിയന്‍ ഗാര്‍ഡുകള്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റു. സ്ഥലത്തെ ഓരോ വീടുകളും പരിശോധിച്ച് തീവ്രവാദികള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയതായി സുരക്ഷാസേന വ്യക്തമാക്കി.
മാര്ദാന് ജില്ലയിലെ സെഷന്‍സ് കോടതിയില്‍ ചാവേര്‍ സ്ഫോടനത്തില്‍ 13 പേര് കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മുന്‍പായിരുന്നു ക്രിസ്ത്യന്‍ മേഖലയില്‍ തീവ്രവാദികള്‍ ആക്രമണത്തിന് ശ്രമിച്ചത്. മാര്ദാന് കോടതിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണത്തിന്റെയും ഉത്തരവാദിത്വം ജമാഅത്ത് ഉള് അഹ്രാര്‍ ആണ് ഏറ്റെടുത്തത്.