കണ്ണൂര്‍: രണ്ട് കൊലപാതകവും സിഐയെ വധിക്കാന്‍ ശ്രമിച്ചതും ഉള്‍പ്പെടെ 12 കേസുകള്‍ നിലവിലുണ്ടായിട്ടും കണ്ണൂരിലെ ഡിവൈഎഫ്ഐ നേതാവിനെ ഗുണ്ടാലിസ്റ്റില്‍ നിന്നും ഒഴിവാക്കി. പയ്യന്നൂരിലെ ബിഎംഎസ് പ്രവര്ത്തകന് സി.കെ രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കൂടിയായ ടി.സി.വി നന്ദകുമാറിനെയാണ് ഗുണ്ടാലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത്. ആഭ്യന്തരവകുപ്പിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് നടപടി.
പഴയ കേസുകളുടെ അടിസ്ഥാനത്തിലാണ് നന്ദകുമാറിനെ ഗുണ്ടാലിസ്റ്റില്‍ പെടുത്തി കാപ്പ ചുമത്തിയതെന്ന കാരണം പറഞ്ഞ് പോലീസിന്റെ നടപടി റദ്ദ് ചെയ്ത് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ ബിഎംഎസ് മേഖലാ സെക്രട്ടറിയായിരുന്ന സി.കെ രാമചന്ദ്രനെ അന്നൂരിലെ വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് സിപിഎം അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത് ജൂലൈ 11 നാണ്. ഇത് മറച്ചുവെച്ചാണ് നന്ദകുമാറിനെ ഗുണ്ടാപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഈ കേസിലെ ഒന്നാം പ്രതിയായതിനാല്‍ തന്നെ നന്ദകുമാറിനെ ഗുണ്ടാലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ലെന്ന് നിയമവിദഗ്ധരു ചൂണ്ടിക്കാട്ടുന്നു. സി.കെ രാമചന്ദ്രന് വധക്കേസില്‍ കീഴടങ്ങിയ നന്ദകുമാര്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കാപ്പ ചുമത്തുന്ന പ്രതികളെ സ്വന്തം ജില്ലയ്ക്ക് പുറത്തുളള ജയിലിലേക്ക് മാറ്റണമെന്ന വ്യവസ്ഥ ലംഘിച്ചാണ് നന്ദകുമാറിനെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയതും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വഴിവിട്ട നീക്കം.
ഡിവൈഎഫ്ഐ വെളളൂര്‍ വെസ്റ്റ് മേഖലാ കമ്മറ്റി സെക്രട്ടറിയും ബ്ലോക്ക് കമ്മറ്റി അംഗവും സിപി.എം അന്നൂര്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ് നന്ദകുമാര്‍. 2013 ല്‍ ആര്‍എസ്എസ് പ്രവര്ത്തകന് സി.എം വിനോദ് കുമാര്‍ വധകേസിലെ രണ്ടാം പ്രതിയായ ഇയാള്‍ ഒരു വര്‍ഷം മുമ്പാണ്് പയ്യന്നൂര്‍ സിഐയുടെ ക്വാര്‍ട്ടേഴ്സിന് നേരേ ബോംബെറിഞ്ഞത്. കോണ്‍ഗ്രസ് നേതാവ് എ.പി നാരായണന്റെ വീടാക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.