കൊച്ചി: അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ വിജിലന്‍സ് എഫ്ഐആറിലെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍മന്ത്രി കെ. ബാബു. പകപോക്കലിന്റെ ഭാഗമാണ് വിജിലന്‍സിന്റെ നടപടി. നിയമപരമായി നേരിടുമെന്നും ആരോപണങ്ങള്‍ തെറ്റാണെന്ന് കോടതിയില്‍ തെളിയിക്കുമെന്നും കെ. ബാബു കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്തിന് അകത്തോ പുറത്തോ വിദേശത്തോ തനിക്ക് ഒരു നിക്ഷേപവും ഇല്ല. എറണാകുളത്തെ മിക്ക ബിസിനസുകാരെയും അറിയാം. എന്നാല്‍ അതില്‍ കവിഞ്ഞ് അവരുമായി ഒരു ബന്ധവുമില്ലെന്നും കെ. ബാബു പറഞ്ഞു. സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വന്ന ആളാണ്. കൈവശമുളള സ്വത്തുക്കള്ക്കൊക്കെ നികുതി അടച്ചിട്ടുളളതാണ്. തേനിയില്‍ സ്ഥലം വാങ്ങിയിട്ടില്ല. ഈ ആരോപണം ബിജു രമേശ് നേരത്തെ ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി നല്‍കിയിട്ടുളളതാണെന്നും കെ. ബാബു പറഞ്ഞു.
മരുമകന്റെ പിതാവിന്റെ പേരില്‍ ബെന്‍സ് വാങ്ങിയെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. തൊടുപുഴ ടൗണില്‍ വര്‍ഷങ്ങളായി ബിസിനസ് ചെയ്യുന്നവരാണ് മരുമകന്റെ വീട്ടുകാര്‍. അക്കാര്യം തൊടുപുഴയില്‍ അന്വേഷിച്ചാല്‍ അറിയാം. അവര്‍ കാര്‍ വാങ്ങിയത് താന്‍ മന്ത്രിയായതിന്റെ പേരിലാണെന്ന് പറയുന്നത് ദുഖകരമാണ്. കോട്ടക് മഹേന്ദ്ര ബാങ്ക് ആണ് ഈ ഇടപാടിന്റെ ഫൈനാന്‍സിയേഴ്സ് എന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ആരോപിച്ച സ്റ്റീല്‍ കമ്പനിയുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ. ബാബു പറഞ്ഞു.
റോയല്‍ ബേക്കറി ഉടമയുമായും ബന്ധമില്ല. അദ്ദേഹത്തിന്റെ ഒരു ബേക്കറി ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നത് ഒഴിച്ചാല്‍ മറിച്ചുളള ആരോപണം വസ്തുതാവിരുദ്ധമാണ്. നാട്ടില്‍ നടക്കുന്ന എല്ലാ ഏര്‍പ്പാടുകളും തന്റെ തലയില്‍ കെട്ടിവെച്ചാല്‍ എങ്ങനെയാണ് ശരിയാകുന്നതെന്നും കെ. ബാബു ചോദിച്ചു. വിജിലന്‍സ് റെയ്ഡില്‍ വീട്ടില്‍ നിന്നും പണം പിടിച്ചെടുത്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഒന്നര ലക്ഷം രൂപ മാത്രമാണ് പിടിച്ചെടുത്തതെന്നും തന്റെ ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ വേണ്ടി കരുതിയ പണമാണിതെന്നുമായിരുന്നു മറുപടി.