പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ടർപ്പന്റൈൻ, ടിന്നർ ഉൽപ്പാദന ഫാക്ടറിയിൽ വൻ തീപിടുത്തം. തീയണയ്ക്കാനെത്തിയ മൂന്ന് അഗ്നിസുരക്ഷാജീവനക്കാർക്ക് പരിക്കേറ്റു. ഓർക്കിഡ് ഓറഞ്ച് എന്ന കമ്പനിയ്ക്കാണ് തീ പിടിച്ചത്. അപകടത്തിൽ ഫാക്ടറി പൂർണ്ണമായും കത്തി നശിച്ചു.
ഷോർട്ട് സർക്യൂട്ടിനേത്തുടർന്ന് ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് തീ പടർന്നു പിടിച്ചത്. തീയണയ്ക്കുന്നതിനിടെ ടർപ്പന്റൈൻ നിർമ്മിക്കുന്നതിനുള്ള അസംസ്കൃതരാസവസ്തു സൂക്ഷിച്ചിരുന്ന ബാരൽ പൊട്ടിത്തെറിച്ചാണ് അഗ്നിസുരക്ഷാജീവനക്കാർക്ക് പരിക്കേറ്റത്. എട്ടു യൂണിറ്റ് ഫയർ ഫോഴ്സ് നാലു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.