കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ 24 പേര് കൊല്ലപ്പെട്ടു. 91 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെയാണ് പ്രതിരോധമന്ത്രാലയം അടക്കമുളള തന്ത്രപ്രധാനമായ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സ്ഫോടനം ഉണ്ടായത്.
പ്രതിരോധമന്ത്രാലയത്തിന് സമീപമുളള പാലത്തിലായിരുന്നു ആദ്യസ്ഫോടനം. ശബ്ദം കേട്ട് സൈനികരും പൊലീസുകാരും സ്ഥലത്തേക്ക് ഓടിയടുക്കുന്നതിനിടെ രണ്ടാമത്തെ സ്ഫോടനവും ഉണ്ടാകുകയായിരുന്നു.
ആക്രമണത്തെ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനി ശക്തമായി അപലപിച്ചു. സുരക്ഷാസേനയുമായി ഉണ്ടാകുന്ന ഏറ്റുമുട്ടലില്‍ പരാജയപ്പെടുന്നതുകൊണ്ടാണ് ഹൈവേകളും നഗരങ്ങളും പള്ളികളും സ്കൂളുകളും ഉള്‍പ്പെടെയുളള സ്ഥാപനങ്ങളെയും സാധാരണക്കാരെയും ഇവര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് അഷ്റഫ് ഗാനി പറഞ്ഞു.
ആക്രമണത്തില്‍ പങ്കുണ്ടെന്ന് താലിബാന് വ്യക്തമാക്കി. ആദ്യ ആക്രമണത്തില്‍ പ്രതിരോധമന്ത്രാലയമാണ് ലക്ഷ്യം വെച്ചതെന്നും രണ്ടാമത്തെ ആക്രമണത്തില്‍ പൊലീസിനെയാണ് ലക്ഷ്യമിട്ടതെന്നും താലിബാന് വക്താവ് സബിയുളള മുജാഹിദ് ട്വിറ്ററില്‍ വ്യക്തമാക്കി.