ദുബൈ: ഏഴാം പിറന്നാള്‍ ആഘോഷത്തില്‍ ദുബൈ് മെട്രോ. ചുവപ്പുപാത നീട്ടാനുളള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതിന്റെ നിറവിലാണ് മെട്രോ ഏഴാം പിറന്നാള്‍ ആഘോഷിച്ചത്. 2009 സെപ്റ്റംബര്‍ ഒന്‍പതിനാണ് ദുബൈ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ച് ദുബായ് മെട്രോ ചലിച്ചു തുടങ്ങിയത്.
നിലവിലെ കണക്കുകള്‍ പ്രകാരം ഒരു ദിശയിലേക്ക് മണിക്കൂറില്‍ 23000 പേരാണ് ദുബൈ മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഇതുവരെ 83 കോടിയോളം പേര് ദുബൈ മെട്രോയുടെ ആതിഥ്യം അനുഭവിച്ചിട്ടുണ്ട്. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനില്‍ നിന്ന് എക്സ്പോ 2020 വേദിയിലേക്കുള്ള 15 കിലോമീറ്റര്‍ പാത നീട്ടാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം തുടക്കം കുറിച്ചിരുന്നു. ഇതിന്റെ നിറവിലാണ് മെട്രോ ഏഴാം പിറന്നാള്‍ ആഘോഷിക്കുന്നത്.
യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ ദീര്‍ഘവീക്ഷണമാണ് ദുബായ് മെട്രോയുടെ വിജയമെന്ന് ആര്‍ടിഎ ചെയര്മാന് മതാര്‍ അല്‍ തായിര്‍ പറയുന്നു. സേവനത്തിന്റെ കാര്യത്തില്‍ ഇതിനോടകം തന്നെ ദുബൈ മെട്രോ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായിക്കഴിഞ്ഞു. പുലര്‍ച്ചെ തുടങ്ങുന്ന സര്‍വിസ് രാത്രി 12 മണി വരെ നീളും.
2030ഓടെ 30 ശതമാനം ആളുകളുടെയും യാത്ര പൊതുഗതാഗതത്തിലേക്ക് മാറ്റാനാണ് ആര്‍ടിഎ ശ്രമിക്കുന്നത്.