കോഴിക്കോട്: സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധി ദൗർഭാഗ്യകരമാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേസ് നടത്തുന്നതിലും പരമോന്നത നീതി പീഠത്തിന് മുന്നിൽ തെളിവുകൾ ഹാജരാക്കുന്നതിലും പ്രോസിക്യൂഷനും സംസ്ഥാന സർക്കാരും പരാജയപ്പെട്ടു. നീതിക്കായി സൗമ്യയുടെ അമ്മ നടത്തുന്ന പോരാട്ടങ്ങൾക്കൊപ്പം ബിജെപി ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു.
സ്ത്രീ സുരക്ഷയെപ്പറ്റി വാചാലരാകുന്ന സർക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം ഗുരുതരമായ വീഴ്ചയുണ്ടായത് എന്ന കാര്യം ഞെട്ടിപ്പിക്കുന്നതുമാണ്. ആ യാഥാർത്ഥ്യം നില നിൽക്കുമ്പോൾ തന്നെ ഇതിന്റെ മറുവശം കൂടി അന്വേഷിക്കേണ്ടതാണ്. ഗോവിന്ദച്ചാമിയ്ക്ക് സുപ്രീം കോടതി വരെ കേസ് നടത്താൻ ആവശ്യമായ സൗകര്യം ചെയ്ത് കൊടുത്തത് ആരാണെന്ന ചോദ്യത്തിന് ഉത്തരം നൽകാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്.
ജില്ലാ കോടതികളിൽ പോലും ഒരു കേസ് നടത്താൻ സാധാരണക്കാരൻ കഷ്ടപ്പെടുമ്പോഴാണ് ലക്ഷങ്ങൾ മുടക്കി ഗോവിന്ദച്ചാമിയെന്ന നിർദ്ധനൻ സുപ്രീംകോടതി വരെ പോയത്. ഗോവിന്ദച്ചാമി വെറുമൊരു ഭിക്ഷക്കാരൻ മാത്രമാണോയെന്നും അതോ ഏതെങ്കിലും മാഫിയാ സംഘം പിന്നിലുണ്ടോയെന്നും ഈ ചോദ്യത്തിന് ഉത്തരം തേടാത്ത സർക്കാരിന്റെ നിലപാട് പൊതു സമൂഹത്തിന് ഭീഷണിയാണെന്നും കുമ്മനം പറഞ്ഞു.
ഇത്തരം നിരവധി ഗോവിന്ദച്ചാമിമാർ നമ്മുടെ ട്രെയിനുകളിലും പൊതു ഇടങ്ങളിലും ഇപ്പോഴും വിഹരിക്കുന്നുണ്ട്. ഗോവിന്ദച്ചാമിയെപ്പറ്റി കൂടുതൽ അന്വേഷിച്ചാൽ ഒരു പക്ഷേ മാന്യതയുടെ മുഖം മൂടിയണിഞ്ഞ പലരുടേയും യഥാർത്ഥ ചിത്രം വെളിപ്പെടും. ഇതാണോ കൂടുതൽ അന്വേഷണത്തിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കുന്നത്? സുപ്രീം കോടതിയിലെ സർക്കാരിന്റെ ദയനീയ പ്രകടനം ഈ സാഹചര്യത്തിലാണ് സംശയത്തിന്റെ നിഴലിലാകുന്നത്. അതു കൊണ്ട് പുനപരിശോധനാ ഹർജിയെന്ന സ്വാഭാവിക നടപടിയല്ല സർക്കാരിൽ നിന്ന് ബിജെപി ആവശ്യപ്പെടുന്നത്. ഗോവിന്ദച്ചാമിയെപ്പറ്റിയും അയാളുടെ സഹായികളെപ്പറ്റിയുമുള്ള സമഗ്രമായ അന്വേഷണമാണ്. ഇവരുടെ പിന്നിൽ ഉള്ളവർ ആരാണെന്ന് അറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്. ഇപ്പോഴും അതിനുള്ള സമയം വൈകിയിട്ടില്ല. ഇനിയും സൗമ്യമാർ ഉണ്ടാകാതിരിക്കാൻ ഈ നടപടി അനിവാര്യമാണ്. അതിന് ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു.
വധശിക്ഷ വേണ്ടെന്ന സിപിഎമ്മിന്റെ നിലപാട് തന്നെയാണോ സർക്കാരിനെന്നും അറിയാൻ പൊതു സമൂഹത്തിന് ആഗ്രഹമുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കാണിക്കുന്ന ഉദാസീന മനോഭാവം ജിഷ വധക്കേസിലും ഉണ്ടാകുമെന്ന ആശങ്ക ഇതോടൊപ്പം ഉയർന്നു വരുന്നുണ്ട് . സ്ത്രീ സുരക്ഷ എന്നത് വാഗ്ദാനം മാത്രമാകരുതെന്നും കുമ്മനം കോഴിക്കോട് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.