ന്യൂഡൽഹി: സൗമ്യ വധക്കേസിൽ ചാർളി തോമസ് എന്ന ഗോവിന്ദചാമിയ്ക്ക് വധശിക്ഷ പുനഃസ്ഥാപിയ്ക്കുന്ന നടപടികൾ തടയാൻ സി.പി.എം ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. ചാർളിയുടെ വധശിക്ഷ പുനഃസ്ഥാപിയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടി പാർട്ടി നയങ്ങൾക്ക് എതിരാണെന്ന് സി.പി.എം ദേശീയ സമിതി സംസ്ഥാന ഘടകത്തെ അറിയിക്കും. ചാർളി തോമസിനെന്നല്ല, എത്രവലിയ കുറ്റവാളിയ്ക്കും വധശിക്ഷ നൽകുന്നത് ഉചിതമല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ജനം ടി.വിയോട് പറഞ്ഞു.
ചാർളി തോമസിന് തൂക്കുകയർ പുനഃസ്ഥാപിയ്ക്കാൻ നടപടികൾ സ്വീകരിയ്ക്കും എന്നാണ് കേരള സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്. പാർട്ടി ദേശീയ ഘടകം എന്നാൽ ഈ നിലപാട് അംഗീകരിയ്ക്കുന്നില്ല. പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ നിരീക്ഷണത്തിൽ നാഥുറാം വിനായക് ഗോഡ്സേയെപ്പോലും തൂക്കിലേറ്റിയത് സി.പി.എം ആദർശത്തിനെതിരാണ്.
തീവ്രവാദിയായ യാക്കൂബ് മേമന്റെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ച് സി.പി.എം നേരത്തെ രംഗത്തെത്തിയിരുന്നു. പരിഷ്ക്യത സമൂഹത്തിന്റെ മനുഷ്യാവകാശ വാദങ്ങളായിരുന്നു പാർട്ടിയുടെ പ്രതിരോധം. ഈ സാഹചര്യത്തിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിയ്ക്കാൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ ശ്രമിയ്ക്കുന്നത് ഉചിതമാകില്ലെന്നാണ് കേന്ദ്രഘടകത്തിന്റെ അഭിപ്രായം. ഇങ്ങനെ സംഭവിച്ചാൽ യാക്കൂബ് മേമന് തൂക്കുകയർ ഒഴിവാക്കാൻ നടത്തിയ നീക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ സംശയവിധേയമാകും എന്നാണ് പാർട്ടി നേതൃത്വത്തിന്റെ ഭയം.
തീവ്രവാദ പ്രസ്ഥാനങ്ങളുമായി പാർട്ടിയ്ക്ക് പിൻവാതിൽ ബന്ധം ഉണ്ടെന്ന തരത്തിൽ ഇപ്പോൾ തന്നെ ഉണ്ടായിട്ടുള്ള സംശയങ്ങൾ ബലപ്പെടും. ദേശീയ നേതൃത്വം പാർട്ടി സംസ്ഥാന സെക്രട്ടറിയെ ഇക്കാര്യം ഇതിനകം അറിയിച്ചു കഴിഞ്ഞതായാണ് ലഭ്യമാകുന്ന വിവരം.